ഇന്ന് കർഷക കോണ്‍ക്ലേവ് അടിമാലിയിൽ
1596359
Thursday, October 2, 2025 11:55 PM IST
തൊടുപുഴ: എൽഡിഎഫ് സർക്കാർ ജില്ലയിൽ അടിച്ചേൽപ്പിച്ച ഭൂപ്രശ്നങ്ങൾക്കു പരിഹാരം തേടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന കർഷക കോണ്‍ക്ലേവ് ഇന്നു രാവിലെ പത്തിന് അടിമാലി സെന്റ് ജോർജ് പാരിഷ് ഹാളിൽ നടക്കുമെന്ന് ഡീൻ കുര്യാക്കോസ് എംപി പത്രസമ്മേളനത്തിൽ അറിയിച്ചു. എൽഡിഎഫ് ജില്ലയെ സ്തംഭനാവസ്ഥയിൽ എത്തിച്ചിരിക്കുകയാണ്.
ഭൂപതിവ് ചട്ടം ഭേദഗതിയെ സർക്കാർ ഖജനാവ് നിറയ്ക്കാനുള്ള അവസരമായാണ് കണ്ടിരിക്കുന്നത്. കേരള കോണ്‍ഗ്രസ്-എമ്മിന് പ്രസക്തി നഷ്ടപ്പെട്ടു.
അധികാരത്തിലിരിക്കാൻ സിപിഎം പറയുന്നതെല്ലാം ശരിയെന്നാണ് ഈ പാർട്ടിയുടെ നിലപാട്. കർഷകരെ ഒറ്റിക്കൊടുക്കുന്ന പാർട്ടിയായി ഇതു മാറി. ഭൂപ്രശ്നങ്ങളിൽ മന്ത്രി റോഷിയും മുൻ മന്ത്രി എം.എം. മണിയും ജനങ്ങളെ ദ്രോഹിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.
ഭൂമിയുടെ ക്രമവത്കരണം സംസ്ഥാനം കണ്ടതിൽ ഏറ്റവും വലിയ ഉദ്യോഗസ്ഥകൊള്ളയ്ക്കാണ് വഴിവയ്ക്കുക. ഈ സാഹചര്യത്തിലാണ് ജനവിരുദ്ധ നടപടികളും അവയുടെ തിക്തഫലവും മൂലം ബുദ്ധിമുട്ടുന്ന ആർക്കും പ്രതിപക്ഷ നേതാവിനു മുൻപിൽ പ്രശ്നം അവതരിപ്പിക്കാൻ അവസരമൊരുക്കി കോണ്‍ക്ലേവ് സംഘടിപ്പിച്ചിട്ടുള്ളത്.
മതസമുദായ സംഘടനകളുടെ നേതൃത്വത്തിലുള്ള പ്രതിനിധികൾ, കർഷക സംഘടനാ പ്രതിനിധികൾ, വ്യാപാരി-വ്യവസായി ഏകോപന സമിതി ഭാരവാഹികൾ തുടങ്ങി പൊതുവിഷയങ്ങളിൽ ഗൗരവവീക്ഷണമുള്ള ആളുകളെ കോണ്‍ക്ലേവിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
പത്തുചങ്ങല മേഖലയിലെ പട്ടയപ്രശ്നം, ഏല തരിശ് എന്ന് തെറ്റായി ബിടിആറിൽ രേഖപ്പെടുത്തിയതുമൂലം പട്ടയം നൽകപ്പെടാത്തത് ഉൾപ്പടെ വിവിധ മേഖലകളിൽ നിലനിൽക്കുന്ന പ്രശ്നങ്ങളും കോണ്‍ക്ലേവിൽ ചർച്ചചെയ്യും.
ഭൂപ്രശ്നങ്ങളിൽ ഉൾപ്പെടെ, ഇടതു സർക്കാരിന്റെ വഞ്ചനാപരമായ നടപടിയിലുള്ള യുഡിഎഫ് നിലപാട് ചർച്ചകൾക്ക് ശേഷം പ്രതിപക്ഷ നേതാവ് വിശദീകരിക്കും. കോണ്‍ക്ലേവിൽ ഡീൻ കുര്യാക്കോസ് എംപി മോഡറേറ്ററായിരിക്കും.
വിവിധ പ്രശ്നങ്ങളിൽ നട്ടംതിരിയുന്ന എല്ലാവർക്കും പ്രതിപക്ഷ നേതാവുമായി സംസാരിക്കാൻ അവസരം നൽകുന്ന ഓപ്പണ്‍ ഫോറം രീതിയിലായിരിക്കും കോണ്‍ക്ലേവ് സംഘടിപ്പിക്കുകയെന്നും എംപി പറഞ്ഞു. പത്രസമ്മേളനത്തിൽ ഡിസിസി പ്രസിഡന്റ് സി.പി. മാത്യു, മുൻ പ്രസിഡന്റ് ജോയി തോമസ് എന്നിവരും പങ്കെടുത്തു.