മയക്കുമരുന്ന് വില്പന: മുഖ്യകണ്ണിയായ മോഡൽ അറസ്റ്റിൽ
1280692
Friday, March 24, 2023 11:59 PM IST
കൊച്ചി: റേവ് പാര്‍ട്ടികള്‍ക്ക് മയക്കുമരുന്ന് എത്തിച്ച് നല്കുന്ന സംഘത്തിലെ മുഖ്യകണ്ണിയും മോഡലുമായ യുവതി പിടിയില്‍. ചേര്‍ത്തല അര്‍ത്തുങ്കല്‍ സ്വദേശി റോസ് ഹെമ്മ (ഷെറിന് ചാരു-29) ആണ് എക്സൈസ സംഘത്തിന്റെ പിടിയിലായത്. രാത്രികാലങ്ങളില്‍ മാത്രം കച്ചവടം നടത്തിയിരുന്ന ഇവര്‍ ‘സ്നോബാള്‍’ എന്ന കോഡിലാണ് മയക്കുമരുന്ന് വിറ്റിരുന്നത്.
ഇവരുടെ പക്കല്‍നിന്നും 1.90 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. അടുത്തിടെ മയക്കുമരുന്നുമായി പിടിയിലായ യുവതീയുവാക്കള്‍ ആഡംബര വാഹനങ്ങളില്‍ വന്നിറങ്ങുന്ന ഹെമ്മയെക്കുറിച്ചുള്ള സൂചനകള്‍ അന്വേഷണസംഘത്തിനു കൈമാറിയിരുന്നു. എന്നാൽ കൊച്ചിയിലെ ഒരു ഓയോ റൂമില്‍നിന്ന് ഇവരുടെ പ്രധാന ഇടനിലക്കാരന് പിടിയിലായതോടെയാണ് ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചത്. ചോദ്യം ചെയ്യലില്‍ ലഹരി കൈമാറ്റം നടന്നിട്ടില്ലെന്നും മയക്കുമരുന്നുമായി റോസ് ഹെമ്മ ഇടപ്പള്ളിയില്‍ എത്തുമെന്നും ഇയാള്‍ മൊഴിനല്‍കി. രാത്രി പാടിവട്ടം ഭാഗത്ത് ഇടനിലക്കാരനെ കാത്തുനിന്ന ഇവരെ എക്സൈസ് സംഘം പിടികൂടുകയായിരുന്നു.
പിടിയിലാകുമെന്ന് ഉറപ്പായതോടെ ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇവരുടെ നിയന്ത്രണത്തിലുള്ള സംഘമാണ് കൊച്ചിയിലെ റേവ് പാര്‍ട്ടികളിൽ രാസലഹരി വിതരണം കൈകാര്യം ചെയ്യുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇവരുടെ സംഘത്തില്‍പ്പെട്ട എല്ലാവരെയും പിടികൂടുമെന്ന് എക്സൈസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.