ഇടക്കൊച്ചി മലിനജല സംസ്കരണ പ്ലാന്റ് നിർമാണം അനിശ്ചിതത്വത്തിൽ
1335305
Wednesday, September 13, 2023 2:37 AM IST
കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇടക്കൊച്ചിയില്‍ നിര്‍മിക്കാന്‍ തീരുമാനിച്ച മലിനജല സംസ്കരണ പ്ലാന്റിനെതിരെ പ്രദേശവാസികൾ എതിര്‍പ്പുമായി രംഗത്തെത്തിയതോടെ പദ്ധതി വീണ്ടും അനിശ്ചിതത്വത്തിലായി.
നിര്‍മാണത്തിനുള്ള മണ്ണ് പരിശോധന ഉള്‍പ്പടെ തടസപ്പെടുത്തിയാണ് ഒരു വിഭാഗം പ്രദേശവാസികള്‍ പ്രതിഷേധിക്കുന്നത്. പദ്ധതി സംബന്ധിച്ച് പൊതുജനങ്ങളുടെ ആശങ്കകള്‍ക്ക് ഉത്തരം നല്‍കാനായി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം വിളിച്ചുചേര്‍ത്ത യോഗം സമീപവാസികള്‍ ബഹിഷ്കരിച്ചിരുന്നു.
തുടര്‍ന്നാണ് മണ്ണു പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ ജനം തടഞ്ഞത്. പ്രദേശത്തെ 12ഓളം വീട്ടുകാരാണ് എതിര്‍പ്പുമായി രംഗത്തുള്ളത്. പദ്ധതി സംബന്ധിച്ച് കോര്പറേഷന് നല്കുന്ന വിശദീകരണങ്ങളില്‍ തൃപ്തിയില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.
ഇടക്കൊച്ചിയിലെ 2,200 വീടുകൾ, വ്യാപാര, വ്യവസായ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ മലിനജലം, അലക്കുവെള്ളം, ടോയ് ലറ്റ് ഫ്ളഷിംഗ് വെള്ളം, സെപ്റ്റേജ് ഔട്ട് ലൈറ്റില്‍ നിന്നുള്ള വെള്ളം എന്നിവ പൈപ്പുവഴി പ്ലാന്റിൽ എത്തിച്ച് സംസ്കരിക്കുന്നതാണ് പദ്ധതി. പ്രതിദിനം 11 ലക്ഷം ലിറ്റര്‍ മലിനജലം പ്ലാന്റില്‍ സംസ്കരിക്കും. ഈ ജലം പുനരുപയോഗിക്കാം.
ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കേണ്ട പദ്ധതിക്ക് 18 കോടി രൂപയാണ് ചെലവ്. പ്ലാന്റില്‍ കക്കൂസ് മാലിന്യം സംസ്കരിക്കുന്നതിലെ ആശങ്ക ഉയര്‍ത്തിയാണ് ഒരു വിഭാഗം എതിര്‍പ്പുമായി എത്തിയത്. ഇത്തരത്തില്‍ എതിര്‍പ്പുമായി നിന്നാല്‍ പദ്ധതിയുടെ മുന്നോട്ടുള്ള പോക്ക് അനിശ്ചിതത്വത്തിലാകുമെന്ന് ആശങ്കയിലാണ് കോര്പറേഷൻ.
എതിര്‍പ്പ് തുടര്‍ന്നാല്‍ പദ്ധതി നഷ്ടമായേക്കുമെന്ന് മേയര്‍ എം. അനില്‍കുമാർ ആശങ്ക അറിയിച്ചു. 16ാം ഡിവിഷനില്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള മൂന്നര ഏക്കര്‍ സ്ഥലമാണ് പദ്ധതിക്കായി ഉപയോഗിക്കുന്നത്. ജനങ്ങളുടെ തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.