സ്വന്തം ലേഖകന്‍
കോതമംഗലം: കാര്‍ഷിക സംസ്കൃതിയുടെയും കൂട്ടായ്മയുടെയും സുഗന്ധമുള്ള കോതമംഗലത്തിന്റെ ഹൃദയഭൂമികയില്‍ മലയാളത്തിന്റെ പ്രഥമ ദിനപത്രം ദീപികയുടെ 137-ാം വാര്‍ഷികാഘോഷം. കോതമംഗലത്തെ ദീപികയുടെ പുതിയ സബ് ഓഫീസിന്റെ ഉദ്ഘാടനത്തിലും എക്സലന്‍സ് പുരസ്കാര സമര്‍പ്പണത്തിലും കോതമംഗലത്തെ നാനാമേഖലകളില്‍ നിന്നു നിരവധി പേര് സാക്ഷ്യം വഹിക്കാനെത്തി.
ചെറിയ പള്ളിത്താഴത്ത് വിപുലമായ സൗകര്യങ്ങളോടെ സജ്ജമാക്കിയ ദീപികയുടെ സബ് ഓഫീസ് കോതമംഗലം രൂപത വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് കീരംപാറ ഉദ്ഘാടനം ചെയ്തു. ആശീര്‍വാദം സെന്റ് ജോര്‍ജ് കത്തീഡ്രല്‍ വികാരി റവ.ഡോ. തോമസ് ചെറുപറമ്പില്‍ നിര്‍വഹിച്ചു.
തുടര്‍ന്നു സെന്റ് ജോര്‍ജ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. മോണ്‍. ഫ്രാന്‍സിസ് കീരംപാറ അധ്യക്ഷത വഹിച്ചു. ദീപിക ചീഫ് എഡിറ്റര്‍ റവ.ഡോ.ജോര്‍ജ് കുടിലില്‍ ആമുഖ പ്രഭാഷണം നടത്തി.വിവിധ മേഖലകളിലെ മികവിനുള്ള എക്സലന്‍സ് പുരസ്കാരങ്ങള്‍ ഡീന്‍ കുര്യാക്കോസ് എംപി സമ്മാനിച്ചു.
കോതമംഗലം ധര്‍മഗിരി സെന്റ് ജോസഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ അഭയ എംഎസ്ജെ, (എക്സലന്‍സ് ഇന്‍ അഫോര്‍ഡബിള്‍ ഹെല്‍ത്ത് കെയര്‍ സര്‍വീസ് അവാര്‍ഡ്), ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റാണിക്കുട്ടി ജോര്‍ജ് (എക്സലന്‍സ് ഇന്‍ സോഷ്യല്‍ കമ്മിറ്റ്മെന്റ് അവാര്‍ഡ്), കോതമംഗലം കുളപ്പുറം പെപ്പര്‍ ലീഫ് അഗ്രി സൂപ്പര്‍ മാര്‍ക്കറ്റ് ആന്‍ഡ് നഴ്സറി ഡയറക്ടര്‍മാരായ സിനി ജോബി, ജോബി ജോര്‍ജ് (ബെസ്റ്റ് എമര്‍ജിംഗ് ബ്രാന്‍ഡ് ഇന്‍ ഫാമിംഗ് സെക്ടര്‍ അവാര്‍ഡ്), കോതമംഗലം മലനാട് പാഷന് ഫ്രൂട്ട് പ്ലാന്റേഷന്‍സ് ഡയറക്ടര്‍മാരായ കെന്നഡി പീറ്റര്‍, മനോജ് എം. ജോസഫ്, പ്രിന്‍സ് വര്‍ക്കി (മോസ്റ്റ് ട്രസ്റ്റഡ് ബ്രാന്‍ഡ് അവാര്‍ഡ്) എന്നിവര്‍ ദീപിക എക്സലന്‍സ് പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.
രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടര്‍ റവ.ഡോ.തോമസ് പോത്തനാമുഴി, എംഎല്‍എമാരായ ആന്റണി ജോണ്‍, ഡോ.മാത്യു കുഴല്നാടന്, മുനിസിപ്പല്‍ ചെയര്മാന് കെ.കെ.ടോമി, റവ.ഡോ. തോമസ് ചെറുപറമ്പില്‍, 'എന്റെ നാട്' ചെയര്മാന് ഷിബു തെക്കുംപുറം, ദീപിക ഫ്രണ്ട്സ് ക്ലബ് ഡയറക്ടര്‍ ഫാ.ജോസ് കിഴക്കയില്‍, ദീപിക കൊച്ചി റസിഡന്റ് മാനേജര്‍ ഫാ.സൈമണ്‍ പള്ളുപ്പേട്ട, ദീപിക സര്‍ക്കുലേഷന്‍ ആന്‍ഡ് അലൈഡ് പബ്ലിക്കേഷന്‍സ് ജനറല്‍ മാനേജര്‍ ഫാ.ജിനോ പുന്നമറ്റത്തില്‍, ദീപിക മാര്‍ക്കറ്റിംഗ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ റെബി ജോര്‍ജ്, കൊച്ചി സര്‍ക്കുലേഷന്‍ മാനേജര്‍ ബിനോ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
മുതിര്‍ന്ന ദീപിക ഏജന്റുമാരെ ജോയ് നടുക്കുടി, ജേക്കബ് മിറ്റത്താനിക്കല്‍ എന്നിവര്‍ ആദരിച്ചു. സ്നേഹവിരുന്നും ഉണ്ടായിരുന്നു.ചാവറ മാട്രിമണി.കോം പരിപാടിയുടെ മുഖ്യ സ്പോണ്‍സറും ടിടിസി ട്രാവല്‍ കമ്പനി അസോസിയേറ്റ് സ്പോണ്‍സറുമായിരുന്നു.
കോതമംഗലത്തിന്റെ വളര്‍ച്ചയില്‍ ദീപികയുടെ പങ്ക് ശ്രദ്ധേയം: ഡീന്‍ കുര്യാക്കോസ് എംപി
കോതമംഗലം: കോതമംഗലത്തിന്റെ പൊതുവേയും കര്‍ഷകജനതയുടെ പ്രത്യേകമായുമുള്ള ആവശ്യങ്ങളില്‍ സവിശേഷമായ മാധ്യമ ഇടപെടലുകള്‍ നടത്താന്‍ ദീപിക ദിനപത്രത്തിനു സാധിച്ചുവെന്നത് അഭിമാനകരമാണെന്ന് ഡീന്‍ കുര്യാക്കോസ് എംപി.
ഈ നാടിന്റെ വികസനവഴികളില്‍ ശക്തമായ മാധ്യമം എന്ന നിലയില്‍ ദീപിക നിര്‍വഹിച്ചിട്ടുള്ള പങ്ക് ശ്രദ്ധേയമാണ്.സാമൂഹ്യ മാധ്യമങ്ങളുടെ അതിപ്രസരമുണ്ടാകുമ്പോഴും പത്രമാധ്യമങ്ങള്‍ക്കു ജനാധിപത്യത്തില്‍ കൃത്യമായ പങ്കുവഹിക്കാനുണ്ട്. ജനാധിപത്യം അതിന്റെ പൂര്‍ണതയില്‍ നിലനില്ക്കാന് മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം.
സാധാരണക്കാരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും ഭരണതലങ്ങളില്‍ ശ്രദ്ധ കിട്ടാതെ പോകുമ്പോള്‍, മാധ്യമങ്ങള്‍ ക്രിയാത്മകമായി ഇടപെടേണ്ടതുണ്ട്. അധികാരകേന്ദ്രങ്ങള്‍ പോലും കോര്പറേറ്റുവത്കരിക്കപ്പെടുന്ന പുതിയ കാലത്ത് ജനമനസുകളറിയുന്ന നല്ല പൊതുപ്രവര്‍ത്തകര്‍ രൂപപ്പെടേണ്ടതുണ്ട്.
എംപി എന്ന നിലയില്‍ തനിക്കു മണിപ്പൂരിലെ കലാപബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്താന്‍ പ്രചോദനമായത് ദീപികയായിരുന്നുവെന്നും കോതമംഗലത്തു ദീപികയുടെ 137-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു ഡീന്‍ കുര്യാക്കോസ് പറഞ്ഞു.