കൊച്ചിയിലെ ബാര്‍ വെടിവയ്പ് കേസ്: മുഖ്യപ്രതി അറസ്റ്റില്‍
1394667
Thursday, February 22, 2024 3:59 AM IST
കൊച്ചി: എറണാകുളം കതൃക്കടവില്‍ ഇടശേരി ബാറിലെ മാനേജരടക്കം മൂന്നുപേരെ വെടിവെച്ചു കൊല്ലാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍. അങ്കമാലി പാറക്കടവ് പുളിയിനം കൊടുശേരി ചീരോത്തില് വിനീത് (കോമ്പാറ വിനീത് -37) ആണ് എറണാകുളം നോര്‍ത്ത് പോലീസിന്റെ പിടിയിലായത്.
ഇയാളെ ഒളിവില്‍ പോകാന്‍ സഹായിച്ച സുഹൃത്ത് കാസര്‍കോഡ് പോടോത്ത് പടിമരുത് ചുള്ളിക്കര ഐറൂട്ട് പീടികപ്പറമ്പില്‍ ജുനില്‍ രാജു (25) വിനെയും പോലീസ് പിടികൂടി. ഇയാളെ ചെന്നൈയില്‍ നിന്നാണ് പിടികൂടിയത്.
കഴിഞ്ഞ 11ന് രാത്രിയാണ് കതൃക്കടവ് ഇടശേരി ബാറിലെത്തിയ വിനീതും നാലു കൂട്ടുകാരും ചേര്‍ന്ന് ബാര്‍ ജീവനക്കാരെ മര്‍ദിക്കുകയും കൈത്തോക്ക് കൊണ്ട് വെടിവയ്ക്കുകയും ചെയ്തത്. ബാറില്‍ വെടിവയ്പിന് ശേഷം ഒളിവില്‍ വിനീത് ആലുവ , മൂവാറ്റുപുഴ, കൂത്താട്ടുകുളം, അഴീക്കോട് എന്നീ സ്ഥലങ്ങളില്‍ ഒളിവില്‍ താമസിക്കുകയും, മൊബൈല്‍ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് കള്ള നമ്പര്‍പ്ലേറ്റ് ഉപയോഗിച്ചുള്ള വഹനത്തില്‍ സ്ഥിരമായി ഒരു സ്ഥലത്ത് തങ്ങാതെ സഞ്ചരിക്കുകയുമായിരുന്നു.
മുഖ്യപ്രതിയെ പിന്തുടര്ന്നുള്ള പോലീസിന്റെ അന്വേഷണത്തില്‍ പ്രതിയെ ഒളിച്ചു താമസിക്കാനും പണം നല്കി സഹായിച്ചവരും ഉള്‍പ്പെടെ 14 പേരെ അന്വേഷണ സംഘം അറസ്റ്റു ചെയ്തു. പോലീസ് തൊട്ടടുത്ത് എത്തുമ്പോളേക്കും പ്രതി രക്ഷപെട്ട് അടുത്ത സ്ഥലത്തേക്ക് പോയിരുന്നു. അറസ്റ്റു ചെയ്ത 14 പേരും വിനീതിന്റെ കൂട്ടാളികളും മയക്കുമരുന്ന് കച്ചവടമുള്‍പ്പെടെ കേസുകളില്‍ പ്രതികളായിട്ടുള്ളവരുമാണ്.
എറണാകുളം തൃശൂര്‍ ജില്ലകളില്‍ കൊലപാതകശ്രമം, മയക്കുമരുന്ന് കച്ചവടം ഉള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ വിനീത് പ്രതിയാണ്. ബാറില്‍ വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്കും മറ്റൊരു തോക്കും ഇയാളുടെ വീട്ടില്‍ നിന്നും പോലീസ് കണ്ടെടുത്തു. രണ്ടു തോക്കുകളിലും തിരകള്‍ നിറച്ച നിലയിലായിരുന്നു. ഇയാള്‍ക്ക് തോക്ക് നിര്‍മിച്ചു കൊടുക്കുന്നവരെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
2012 ല്‍ ആലുവ കോമ്പാറ ഭാഗത്തുള്ള മറ്റൊരു ക്രിമിനല്‍ സംഘവുമായുണ്ടായ തര്‍ക്കത്തില്‍ വിനീതിന് വെട്ടേറ്റിരുന്നു. ഇതിന് ശേഷം ഏതിര്ഗ്രൂപ്പുകാരെ ആക്രമിക്കുന്നതിനായി ആയുധങ്ങളുമായാണ് വിനീത് നടക്കുന്നത്. ഏതിര് സംഘത്തില്‍പ്പെട്ട ചിലരെ പറവൂര്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ വാളും തോക്കുമായി ആക്രമിക്കാനെത്തിയ വിനീതിനെയും കൂട്ടരെയും പോലീസ് അന്ന് അറസ്റ്റു ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു.
എതിര്‍ഗ്രൂപ്പില്‍ അംഗബലം കൂടിവന്നപ്പോഴാണ് തോക്കുകള്‍ ശേഖരിക്കാന്‍ തുടങ്ങിയതെന്നും ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു. ഇതിനുള്ള പണം എങ്ങിനെയാണ് സമ്പാദിക്കുന്നതെന്നത് സംബന്ധിച്ച പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതി അന്യസ്ഥാനത്തിലേക്ക് രക്ഷപ്പെടാന്‍ സാധ്യത ഉണ്ടെന്ന് പോലീസിന് മനസിലായിതനെ തുടര്‍ന്ന് രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തിയത്. ഇതില്‍ തമിഴ്നാട്ടിലേക്ക് പോയ സംഘമാണ് വിനീതിനെ സഹായിച്ച ജുനില്‍ രാജുവിനെ പിടികൂടിയത്. അതേസമയം രണ്ടാമത്തെ സംഘം വിനീതിനെ പിടികൂടുകയും ചെയ്തു.
ഇയാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നതിനാല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം സാധ്യമായില്ല. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും ശാസ്ത്രീയമായ അന്വേഷണത്തിലൂടെയുമാണ് പോലീസ് പ്രതിയെ പിടികൂടിയത്.