ഫെൻസിംഗ് സ്ഥാപിക്കൽ : അള്ളുങ്കലിൽ ജനകീയ സദസ് സംഘടിപ്പിച്ചു
1459022
Saturday, October 5, 2024 5:00 AM IST
കോതമംഗലം: ഫെൻസിംഗ് സ്ഥാപിക്കുന്നതിന് മുന്നോടിയായി കവളങ്ങാട് പഞ്ചായത്തിലെ അള്ളുങ്കലിൽ ജനകീയ സദസ് സംഘടിപ്പിച്ചു. ഫെൻസിംഗിന്റെ പ്രവൃത്തി ആരംഭിക്കുന്നതിനു മുൻപേ തന്നെ നിലവിൽ പ്രദേശത്ത് തന്പടിച്ചിട്ടുള്ള കാട്ടാനകളെ ഉൾവനത്തിലേക്ക് തുരത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ യോഗം വിശദമായി ചർച്ച ചെയ്തു. വനം വകുപ്പിന്റെയും പ്രദേശവാസികളുടെയും സഹകരണത്തോടെ അടുത്ത ദിവസം തന്നെ നിലവിലുള്ള ആനകളെ മേഖലയിൽ നിന്നും തുരത്തുന്നതിനും യോഗം തീരുമാനിച്ചു.
ഫോറസ്റ്റ്, റവന്യു, പോലീസ്, അഗ്നിരക്ഷാ സേന, ആരോഗ്യ വകുപ്പ് എന്നിവർ സംയുക്തമായിട്ടാണ് ദൗത്യം നിർവഹിക്കുന്നത്. കൂടാതെ നിലവിൽ അനുവദിച്ചിട്ടുള്ള ഫെൻസിംഗിന്റെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ ആരംഭിക്കും. അംബികാപുരം സെന്റ് മേരീസ് കത്തോലിക്ക പള്ളി പാരീഷ് ഹാളിൽ ചേർന്ന ജനകീയ സദസ് ആന്റണി ജോണ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു അധ്യക്ഷത വഹിച്ചു. ഫോറസ്റ്റ് റേഞ്ച് ഓഫീസർ ടോമി അരഞ്ഞാണി, പഞ്ചായത്ത് മുൻ പ്രസിഡന്റ് സൈജന്റ് ചാക്കോ, പഞ്ചായത്തംഗങ്ങളായ സുഹറ ബഷീർ, രാജേഷ് കുഞ്ഞുമോൻ, സഹകരണ ബാങ്ക് പ്രസിഡന്റ് യാസർ മുഹമ്മദ്, പി.ടി ബെന്നി, അഭിലാഷ് രാജ്, കെ.കെ ശശി, എം.എ കരീം, കർഷക സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.