സ്നേഹവീടിന് തുടക്കം; 30 പേർക്ക് വീടു നിർമിച്ചു നൽകും
1465734
Saturday, November 2, 2024 2:10 AM IST
ആലങ്ങാട് : വിധവകളായവരുൾപ്പെടെ 30 കുടുംബങ്ങൾക്ക് വീടുകൾ നിർമിക്കുന്നതിന് മന്ത്രി പി. രാജീവ് ആവിഷ്കരിച്ച 'സ്നേഹവീട് പദ്ധതിയിൽ വീടുകളുടെ നിർമാണം ആരംഭിച്ചു. ആദ്യഘട്ടമായി 20 വീടുകളാണ് നിർമിക്കുന്നത്. കൊങ്ങോർപ്പിള്ളിയിൽ ആദ്യ വീടിന്റെ തറക്കല്ലിടൽ മന്ത്രി പി രാജീവ് നിർവഹിച്ചു.
കൊങ്ങോർപ്പിള്ളി ഒളനാട് ആശാരിപറമ്പിൽ ശ്രീജ അനൂപിനാണ് ആദ്യ വീട് നിർമിച്ച് നൽകുന്നത്. കളമശേരി മണ്ഡലത്തിൽ താമസിക്കുന്ന കുടുംബനാഥ വിധവകളായവർക്കാണ് വീട് നൽകുന്നത്. ഒരാൾക്ക് എട്ടു ലക്ഷം രൂപ വീതം ചെലവഴിച്ചാണ് വീടുനിർമാണം. 500 ചതുരശ്ര അടിയെങ്കിലും വിസ്തീർണമുള്ള വീടുകളാണ് നിർമിക്കുന്നത്. സ്നേഹവീട് പദ്ധതിയുടെ ഭാഗമായി നാലു വീടുകളുടെ നിർമാണം നേരത്തെ പൂർത്തിയാക്കിയിരുന്നു.
ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് അധ്യക്ഷയായി. വിവിധ തദ്ദേശസ്ഥാപനങ്ങളുടെ അധ്യക്ഷരായ ടി.വി. പ്രതീഷ്, പി.എം. മനാഫ്, എ.ഡി. സുജിൽ, സുരേഷ് മുട്ടത്തിൽ, കെ.വി. രവീന്ദ്രൻ, യേശുദാസ് പറപ്പള്ളി, സുഡ് കെമി വൈസ് പ്രസിഡന്റ് സജി മാത്യു, രാജഗിരി കോളജ് പ്രിൻസിപ്പൽ എം.ഡി. സാജു തുടങ്ങിയവർ സംസാരിച്ചു