സ്കൂൾ തുറക്കൽ നവംബർ ഒന്നിന്
Sunday, September 19, 2021 12:43 AM IST
തിരുവനന്തപുരം: നവംബർ ഒന്നിന് സ്കൂളുകൾ തുറക്കാൻ തീരുമാനം. ഒന്നുമുതൽ ഏഴ് വരെയുള്ള ക്ലാസുകളും 10, 12 ക്ലാസുകളും ആദ്യദിനം മുതൽ പ്രവർത്തിക്കും. നവംബർ 15ന് മറ്റു ക്ലാസുകൾകൂടി ആരംഭിക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനമായി.
ഒന്നര വർഷത്തിലേറെയായി അടഞ്ഞുകിടക്കുന്ന സ്കൂളുകൾ തുറക്കുന്നതിനുള്ള തയാറെടുപ്പുകൾ ഉടൻ തുടങ്ങാനും 15 ദിവസം മുന്പ് ഒരുക്കങ്ങൾ പൂർത്തിയാക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. പ്രൈമറി ക്ലാസുകൾ ആദ്യം തുറക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.
രോഗപ്രതിരോധ ശേഷി കുറവുള്ള കുട്ടികൾ സ്കൂളുകളിൽ എത്തേണ്ടതില്ല എന്ന നിലപാടെടുക്കുന്നതാകും ഉചിതം. പകുതി കുട്ടികൾക്കു വീതമാകും ക്ലാസുണ്ടാകുക. ഇതു ഷിഫ്റ്റ് അടിസ്ഥാനത്തിൽ വേണോ എന്നത് അടക്കമുള്ള കാര്യങ്ങൾ പിന്നീടു ചർച്ച ചെയ്തു തീരുമാനിക്കും.
വാഹനങ്ങളിൽ കുട്ടികളെ എത്തിക്കുന്പോൾ പാലിക്കേണ്ട ക്രമീകരണങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ട്. സ്കൂൾ ഹെൽത്ത് പ്രോഗ്രാം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. കുട്ടികൾക്കുവേണ്ടി പ്രത്യേക മാസ്കുകൾ തയാറാക്കണം. സ്കൂളുകളിലും മാസ്കുകൾ കരുതണം. അധ്യാപകരും ജീവനക്കാരും രക്ഷിതാക്കളും വാക്സിനേഷൻ പൂർത്തിയാക്കണമെന്നു നേരത്തെ നിർദേശിച്ചിരുന്നു.
ഒക്ടോബർ നാലിന് കോളജുകൾ തുറക്കാനും 18ന് കോളജ് തലത്തിൽ വാക്സിനേഷൻ സ്വീകരിച്ച വിദ്യാർഥികളുടെ എല്ലാ ക്ലാസുകളും ആരംഭിക്കാനും അവലോകനയോഗം തീരുമാനിച്ചു.