ഡച്ച് ടച്ച്
Saturday, October 11, 2025 4:49 AM IST
അറ്റാര്‍ഡ് (മാള്‍ട്ട): ഫിഫ 2026 ലോകകപ്പ് ഫുട്ബോള്‍ യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ നെതര്‍ലന്‍ഡ്സിനു മിന്നും ജയം. ഗ്രൂപ്പ് ജിയില്‍ ഡച്ച് സംഘം 4-0ന് മാള്‍ട്ടയെ തകര്‍ത്തു. എവേ പോരാട്ടത്തില്‍ കോഡ് ഗാക്പോ (12’, 48’ രണ്ടും പെനാല്‍റ്റി), പെന്തിജാനി റെയ്ന്‍ഡേഴ്സ് (57’), മെംഫിസ് ഡീപ്പെ (90+3’) എന്നിവരുടെ ഗോളുകളാണ് നെതര്‍ലന്‍ഡ്സിനു ജയമൊരുക്കിയത്. ഗ്രൂപ്പില്‍ അഞ്ച് മത്സരങ്ങളില്‍നിന്ന് 13 പോയിന്റുമായി ഡച്ച് സംഘം ഒന്നാം സ്ഥാനത്ത് എത്തി.
പത്തടിച്ച് ഓസ്ട്രിയ
ഗ്രൂപ്പ് എച്ചില് ഓസ്ട്രിയ 10-ന് സാന്‍ മറീനോയെ നിലംപരിശാക്കി. ഓസ്ട്രിയ ഈ ജയത്തോടെ അഞ്ച് മത്സരങ്ങളില്‍നിന്ന് 15 പോയിന്റുമായി ഗ്രൂപ്പിന്റെ തലപ്പത്ത് എത്തി.
ഗ്രൂപ്പ് സിയില്‍ ഡെന്മാര്ക്കും വമ്പന്‍ ജയം സ്വന്തമാക്കി. എവേ പോരാട്ടത്തില്‍ ഡെന്മാര്ക്ക് 6-0ന് ബെലാറൂസിനെ തകര്‍ത്തു.
ഗ്രൂപ്പ് എല്ലില്‍ ക്രൊയേഷ്യ ചെക്കുമായി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. 13 പോയിന്റ് വീതവുമായി ക്രൊയേഷ്യയും ചെക്കും ഗ്രൂപ്പില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍ തുടരുന്നു.
സൗഹൃദത്തില്‍ ഇംഗ്ലണ്ട്
ലണ്ടന്‍: രാജ്യാന്തര സൗഹൃദ ഫുട്ബോളില്‍ ഇംഗ്ലണ്ട് 3-0ന് വെയ്ല്‍സിനെ തോല്‍പ്പിച്ചു. മോര്ഗന് റേജേഴ്സ് (3’), ഒല്ലി വാട്കിന്‍സ് (11’), ബുകായോ സാക്ക (20’) എന്നിവരുടെ ഗോളുകളിലാണ് ഇംഗ്ലീഷ് ജയം.