ഉണ്ണിത്താൻ വധശ്രമം: എസ്പിയുടെ വിടുതൽ ഹർജി അനുവദിച്ചു
Thursday, April 25, 2019 12:25 AM IST
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ വി.ബി. ഉണ്ണിത്താൻ വധശ്രമ കേസിൽ അഞ്ചാം പ്രതിയും ജില്ലാ ക്രൈം റിക്കാർഡ്സ് ബ്യൂറോ എസ്പിയുമായ അബ്ദുൾ റഷീദ് നൽകിയ വിടുതൽ ഹർജി കോടതി അനുവദിച്ചു. കുറ്റപത്രത്തിൽ പ്രതിക്കെതിരേയുള്ള ആരോപണങ്ങൾ തെളിയിക്കാൻ ആവശ്യമായ തെളിവുകൾ കണ്ടെത്താൻ സാധിക്കാത്തതിനാലാണു വിടുതൽ ഹർജി അനുവദിച്ചതെന്നു സിബിഐ പ്രത്യേക കോടതി ജഡ്ജി ചൂണ്ടിക്കാട്ടി.
2011 ൽ നടന്ന സംഭവത്തിൽ സിബിഐ അന്വേഷണം പൂർത്തിയാക്കി 2012 ൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ, അന്വേഷണം ശരിയായി നടത്താതെ പ്രതികളെ സഹായിക്കുകയാണ് സി ബി ഐ ചെയ്തത് അതുകൊണ്ട് കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ഉണ്ണിത്താൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടർന്ന് ഹൈക്കോടതിയാണ് കേസിൽ പുനരന്വേഷണം നടത്താൻ ഉത്തരവിട്ടത്.
2011 ഏപ്രിൽ 16ന് രാത്രി 9.40നാണ് ശാസ്താംകോട്ട ജംഗ്ഷനിൽ ബസിറങ്ങി ജമിനി ഹൈറ്റ്സ് ഓഡിറ്റോറിയത്തിനടുത്തേക്ക് നടക്കവെ ഉണ്ണിത്താനെ ഹാപ്പി രാജേഷ്, മഹേഷ്, ആനന്ദ്, ഷഫീഖ് എന്നിവർ ചേർന്ന് ആക്രമിച്ചത്. ഇരുമ്പുവടി കൊണ്ടുള്ള ആക്രമണത്തിൽ ഉണ്ണിത്താൻ പരിക്കേറ്റ് വീണു തുടർന്ന് ആക്രമണം നടത്തിയ പ്രതികൾ രണ്ടു ബൈക്കുകളിലായി സംഭവസ്ഥലത്തുനിന്നു കടന്നു.
ഡിവൈഎസ്പിയായിരുന്ന അബദുൾ റഷീദ് ഉൾപ്പെടെ ചിലർ കൊല്ലം ഗവൺമെന്റ് ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് നടത്തിവന്ന അനാശാസ്യ പ്രവൃത്തികളെപ്പറ്റിയും റഷീദിന്റെ ഒത്താശയോടെ കുണ്ടറ കഞ്ഞിരോട്ടം തടാകം നികത്തി റിസോർട്ട് നിർമിക്കുന്നതിനെപ്പറ്റിയും ഉണ്ണിത്താൻ പത്രവാർത്ത നൽകിയതാണ് ആക്രമണത്തിന് കാരണമായി ചൂണ്ടിക്കാണിച്ചിരുന്നത്.റഷീദിന്റെ സുഹൃത്തായിരുന്ന കണ്ടെയ്നർ സന്തോഷ് മുഖേനയാണ് ഉണ്ണിത്താനെ വകവരുത്താനുള്ള ക്വട്ടേഷൻ ഹാപ്പി രാജേഷിനെയും സംഘത്തെയും ഏൽപ്പിച്ചത് എന്നാണ് സിബിഐ കേസ്.
പുഞ്ചിരി മഹേഷ്, വി.ആർ.ആനന്ദ്, എസ്.ഷഫീഖ്,ഡിവൈഎസ്പി എം.സന്തോഷ് നായർ,ആർ.സന്തോഷ് കുമാർ എന്നിവരാണു കേസിലെ നിലവിലെ പ്രതികൾ. കേസിലെ ഒന്നാം പ്രതി പുഞ്ചിരി മഹേഷ് ഇന്നലെ കോടതിയിൽ വിടുതൽ ഹർജി നൽകി.ഇതിന്റെ വാദം കോടതി അടുത്ത മാസം 27 ന് പരിഗണിക്കും.