ഓണത്തിനായി മറയൂർ മലനിരകളിൽ ഉരുളക്കിഴങ്ങ് പൂവിട്ടു
Tuesday, August 20, 2019 12:21 AM IST
മറയൂർ: മറയൂർ മലനിരകളിലെ കർഷകരുടെ ഏറ്റവും വലിയ വിളവെടുപ്പ് സമയമായ ഓണക്കാലം കാത്ത് കൃഷിയിറക്കിയിരുന്ന ഉരുളക്കിഴങ്ങ് പൂവിട്ടു. കഴിഞ്ഞവർഷം പ്രളയത്തെതുടർന്ന് കേരളത്തിലേക്കുള്ള റോഡുകൾ തകർന്നതിനാൽ ഇവിടുത്തെ പച്ചക്കറികൾ വിപണിയിൽ എത്തിക്കാൻ സാധിച്ചിരുന്നില്ല.
ഓണവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കുന്നത് മേയ്, ജൂണ്‍ മാസങ്ങളിലാണ്. കാരറ്റ്, കോളിഫ്ളവർ, കാബേജ്, വെളുത്തുള്ളി, ബീൻസ് എന്നിവയാണ് കൂടുതലായി ഈ സീസണിൽ കൃഷിയിറക്കുന്നത്. എന്നാൽ ഇത്തവണ മറയൂർ മലനികളിൽ മഴ കുറവായിരുന്നതിനാൽ ഉരുളക്കിഴങ്ങാണ് കർഷകർ കൃഷി ഇറക്കിയിരിക്കുന്നത്.
കാന്തല്ലൂർ, പെരുമല, നാരാച്ചി, ഗുഹനാഥപുരം പുത്തൂർ എന്നിവടങ്ങളിലാണ് ഉരുളക്കിഴങ്ങ് കൃഷി വ്യാപകമായി ചെയ്തിരിക്കുന്നത്. ഉരുളക്കിഴങ്ങ് തോട്ടങ്ങൾ പൂവിട്ട് വിളവെടുപ്പിന് പാകമായിരിക്കുകയാണ്.
തമിഴ്നാട് കുന്നൂർ ഉരുളക്കിഴങ്ങ് ഗവേഷണ കേന്ദ്രങ്ങളിൽനിന്നും എത്തിച്ച കുപ്പിരി ജ്യോതി, കുപ്പിരി മുത്ത് വിത്തുകളാണ് ഉപയോഗിച്ചിരിക്കുന്നത്.