മഅദനിയെ മുഖ്യമന്ത്രി സന്ദർശിക്കണം: പിഡിപി
Friday, September 20, 2019 12:54 AM IST
കോഴിക്കോട്: ബംഗളൂരു സ്ഫോടന കേസ് വിചാരണയ്ക്കിടെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന പിഡിപി ചെയര്മാന് അബ്ദുള്‍നാസര്‍ മഅദനിയെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്പ്പെട്ട മന്ത്രിതല സംഘം സന്ദര്‍ശിക്കണമെന്ന് പിഡിപി.
മന്ത്രിതലസംഘം സന്ദര്‍ശിക്കുന്നതിനോടൊപ്പം പ്രത്യേക മെഡിക്കല്‍സംഘത്തെ അയച്ച് ബംഗളൂരു വൈറ്റ്ഫീല്‍ഡിലെ സൗഖ്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മഅദനിയുടെ ആരോഗ്യനില പരിശോധിക്കണം. വിദഗ്ധസംഘം നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കണമെന്നും പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി തിക്കോടി നൗഷാദ് ദീപികയോട് പറഞ്ഞു. പ്രത്യേക കോടതിയില്‍ വിചാരണ നേരിടുമ്പോഴാണ് മഅദനിക്ക് കഴിഞ്ഞയാഴ്ച ശാരീരികാസ്ഥാസ്ഥ്യം അനുഭവപ്പെട്ടത്. 2008ലെ ബംഗളൂരു സ്ഫോടന കേസുമായി ബന്ധപ്പെട്ട് 2010 ഓഗസ്റ്റ് 17 നാണ് കേരള പോലീസ് മഅദനിയെ കര്‍ണാടക പോലീസിന് കൈമാറിയത്.
മഡിവാള പോലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ ബംഗളൂരു പോലീസിന് കീഴിലെ സെൻട്രൽ ക്രൈംബ്രാഞ്ച് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസില്‍ 31-ാം പ്രതിയാണ് മഅദനി. ഈ കേസ് പിന്നീട് ദേശീയസുരക്ഷാ ഏജന്‍സി ഏറ്റെടുത്തു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ചികിത്സാർഥം സുപ്രീംകോടതിയുടെ അനുമതിയോടെ 2014 ജൂലൈ മുതല്‍ മഅദനി ബംഗളൂരുവില്‍ ജാമ്യത്തില്‍ കഴിയുകയാണ്.