കോതമംഗലം ചെറിയപള്ളിയിൽ തത്സ്ഥിതി തുടരാൻ ഉത്തരവ്
Friday, September 20, 2019 11:57 PM IST
കൊച്ചി: കോതമംഗലം ചെറിയ പള്ളിയിൽ കബറടക്കിയിട്ടുള്ള എൽദോ മാർ ബസേലിയോസ് ബാവയുടെ തിരുശേഷിപ്പ് പള്ളിയിൽനിന്നു നീക്കിയിട്ടില്ലെന്നു സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഇതു കണക്കിലെടുത്തു പള്ളിയിൽ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കുംവരെ നിലവിലെ സ്ഥിതി തുടരാൻ സിംഗിൾബെഞ്ച് ഇടക്കാല നിർദേശം നൽകി.
യാക്കോബായ വിഭാഗം പള്ളിയിലെ മദ്ബഹയിൽ കബറടക്കിയ ബാവയുടെ തിരുശേഷിപ്പ് ഇവിടെനിന്നു കടത്തിക്കൊണ്ടുപോകാൻ കഴിഞ്ഞ ദിവസം ശ്രമിച്ചെന്നും ഇതു തടഞ്ഞതിനു തങ്ങളെ മർദിച്ചെന്നും ചൂണ്ടിക്കാട്ടി ഫാ. തോമസ് പോൾ റന്പാൻ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായ വിധിയുണ്ടായതിനെത്തുടർന്നു പോലീസ് സംരക്ഷണം നൽകാൻ സുപ്രീം കോടതിയും ഹൈക്കോടതിയും പലതവണ നിർദേശിച്ചിട്ടും എറണാകുളം ജില്ലാ കളക്ടറും പോലീസും തങ്ങൾക്ക് മതിയായ സംരക്ഷണം നൽകുന്നില്ലെന്നു ഹർജിക്കാരൻ ആരോപിക്കുന്നു.