യുവതിയുടെ മർദനമേറ്റ റിങ്കുവിനു സഹായപ്രവാഹം
Tuesday, October 15, 2019 12:28 AM IST
ആലുവ: ഡ്യൂട്ടിക്കിടെ യുവതിയുടെ മർദനത്തിന് ഇരയായ ആലുവയിലെ ഡോ. ടോണീസ് ഹോസ്പിറ്റലിലെ സെക്യൂരിറ്റി ജീവനക്കാരൻ മാവേലിക്കര സ്വദേശി റിങ്കുവിനു സ്വന്തം ഫേസ് ബുക്കിലൂടെയും അല്ലാതെയും സഹായപ്രവാഹം. ഇടയ്ക്കുവച്ചു നിർത്തിയ എൻജിനിയറിംഗ് പഠനം പുനരാരംഭിക്കാനും ഹൃദ്രോഗിയായ അമ്മയുടെ ചികിത്സയ്ക്കുമുള്ള സാമ്പത്തിക സഹായമാണ് പലരും വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഒക്ടോബർ ഒന്നിനാണ് റിങ്കുവിനു മർദനമേറ്റ സംഭവം നടന്നത്. കളമശേരി കുസാറ്റ് അനന്യ കോളജ് ഹോസ്റ്റൽ മേട്രൻ ആയ കോഴിക്കോട് കൊയിലാണ്ടി നടുവന്നൂർ സ്വദേശിനി ആര്യ ബാലൻ (26) ആണ് റിങ്കുവിനെ മർദിച്ചത്. വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടു യുവതി കരണത്തടിക്കുകയായിരുന്നു. ആര്യയെ പിന്നീടു പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സഹായവാഗ്ദാനമുണ്ടെങ്കിലും സെക്യൂരിറ്റി ജോലി വിടാൻ റിങ്കു തയാറല്ല. അമ്മയുടെ ഹൃദയ ശസ്ത്രക്രിയ ആദ്യം നടക്കട്ടെയെന്നും മറ്റുള്ളവ പിന്നെ ചിന്തിക്കാമെന്നും റിങ്കു പറഞ്ഞു. എൻജിനിയറിംഗ് പഠനം ഇടയ്ക്കു നിർത്തിയതിനാൽ 50,000 രൂപ കൊടുത്താലേ സർട്ടിഫിക്കറ്റുകൾ ബംഗളൂരുവിലെ കോളജിൽനിന്നു തിരികെ ലഭിക്കൂ. വിദ്യാഭ്യാസ വായ്പയും തിരിച്ചടയ്ക്കാനുണ്ട്. മാവേലിക്കരയിൽ ഹോസ്റ്റൽ വാർഡൻ ആയിരുന്ന അമ്മ റോസമ്മ ഡങ്കിപ്പനി പിടിച്ചശേഷം ഇപ്പോൾ ജോലിക്കു പോകുന്നില്ല. റോസമ്മ ഏകമകനെ കാണാൻ ഇന്നലെ ആശുപത്രിയിലെത്തിയിരുന്നു.