മാർക്ക് ദാന ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നു ജലീൽ
Thursday, October 17, 2019 1:23 AM IST
തിരുവനന്തപുരം: മാർക്ക് ദാനവിവാദത്തിൽ താനോ തന്റെ ഓഫീസോ ഇടപെട്ടിട്ടില്ലെന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ. മന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്നതിനു തെളിവുണ്ടെങ്കിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹാജരാക്കണമെന്ന് കെ.ടി. ജലീൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
സർവകലാശാല അവരിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങൾ ഉപയോഗിച്ചാണ് മോഡറേഷൻ ഉൾപ്പെടെ ഉള്ളവ നല്കുന്നത്. സാങ്കേതിക സർവകലാശാലയുടെ അദാലത്തിൽ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയും മിനിറ്റ്സിൽ ഒപ്പിട്ടു എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. അങ്ങനെ ഒപ്പിട്ട രേഖ പ്രതിപക്ഷ നേതാവിന് കാണിച്ചുതരാൻ സാധിക്കുമോയെന്നും മന്ത്രി ചോദിച്ചു.
സാങ്കേതിക സർവകലാശാലയിൽ അദാലത്തിന് വിദ്യാർഥി വന്നത് ഉത്തരപേപ്പറിന്റെ പകർപ്പുമായാണ്. മറ്റു വിഷയങ്ങളിലെല്ലാം 90 ശതമാനത്തിലധികം മാർക്ക് നേടിയ വിദ്യാർഥിയുടെ തോറ്റ ഒരു പേപ്പർ വീണ്ടും മൂല്യനിർണയം നടത്താൻ വൈസ്ചാൻസലറുടെ നേതൃത്വത്തിലാണ് തീരുമാനമെടുത്തത്. മൂന്ന് അധ്യാപകരുടെ പാനൽ ആണ് പേപ്പർ മൂല്യനിർണയം നടത്തിയത്. വിദ്യാർഥി 91 ശതമാനം മാർക്കുമായി അഞ്ചാം റാങ്കോടെയാണ് പാസായത്.
വിസിയെ പുറത്താക്കണമെന്ന പ്രതിപക്ഷനേതാവിന്റെ ആവശ്യം പ്രതിപക്ഷ നേതാവ് ഗവർണറെ കണ്ട സാഹചര്യത്തിൽ ഗവർണർ തീരുമാനമെടുക്കട്ടെയെന്നും മന്ത്രി കൂട്ടിച്ചേർത്തു.