അഭയ കേസ്: പോലീസ് സർജനെ കമ്മീഷൻ മുഖേന വിസ്തരിക്കും
Monday, October 21, 2019 10:39 PM IST
തിരുവനന്തപുരം: അഭയ കേസിൽ സിസ്റ്റർ സെഫിയെ വൈദ്യപരിശോധന നടത്തിയ പോലീസ് സർജനായ ഡോ. രമയെ കമ്മീഷൻ മുഖേന വിസ്തരിക്കാൻ അനുവാദം. കമ്മീഷനായി തിരുവനന്തപുരം ജില്ലയിലെ ഒരു മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്താൻ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റിനു സിബിഐ കോടതി അനുവാദം നൽകി. സിജെഎം ആയിരിക്കും കമ്മീഷനായി പോകേണ്ട മജിസ്ട്രേറ്റിനെ നിശ്ചയിക്കുന്നത്. ഡോക്ടറുടെ മൊഴി കമ്മീഷൻ മുഖേന വേണമെന്ന് കാണിച്ച് കഴിഞ്ഞ ദിവസമാണ് സിബിഐ ഹർജി നൽകിയത്.
ആലപ്പുഴ മെഡിക്കൽ കോളേജിലെ മുൻ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. രമയെയാണ് കമ്മീഷൻ മുഖേന വിസ്തരിക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടത്. ഇവർ ചലന ശേഷി നഷ്ടപ്പെട്ട് കിടപ്പിലായതു കാരണമാണ് ഇത്തരം ആവശ്യവുമായി സിബിഐ രംഗത്തെത്തിയത്.
സെൻട്രൽ ഫോറൻസിക് സയൻസിലെ മുൻ കൈയക്ഷര വിദഗ്ധനും ഇരുപത്തിയൊന്നാം സാക്ഷിയുമായ ഡോ.എം.എ.അലി ഇന്നലെ മൊഴി നൽകി.