തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തു
Thursday, December 5, 2019 11:25 PM IST
തിരുവനന്തപുരം: മാധ്യമപ്രവർത്തകയുടെ വീട്ടിൽ അതിക്രമിച്ചു കയറി സദാചാര പോലീസ് ചമഞ്ഞ് ആക്രമിച്ചു എന്ന കേസിൽ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു. കന്റോണ്മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ പോലീസ് പ്രസ് ക്ലബിലെത്തിയാണ് രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തത്. തുടർന്നു രാധാകൃഷ്ണനെ പേട്ട പോലീസ് സ്റ്റേഷനിലേക്കു കൊണ്ടു പോയി.
രാധാകൃഷ്ണൻ ഉൾപ്പെടെയുള്ളവർക്കെതിരേ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈന്റെ നിർദേശ പ്രകാരമാണു നടപടി. സംഭവങ്ങളുടെ നിജസ്ഥിതി അന്വേഷിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ സിറ്റി പോലീസ് കമ്മീഷണറോടു നിർദേശിക്കും.
പ്രസ് ക്ലബ് സെക്രട്ടറി രാധാകൃഷ്ണന്റെ രാജി ആവശ്യപ്പെട്ടു വനിതാ മാധ്യമപ്രവർത്തകർ പ്രസ് ക്ലബിൽ പ്രതിഷേധം ഉയർത്തിയിരുന്നു. രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തു കൊണ്ടു പോയതിനു ശേഷമാണ് ഇവർ പ്രതിഷേധം അവസാനിപ്പിച്ചത്.