ഗുരുദേവസന്ദേശം ജീവിതത്തിലേക്കു പകർത്തണം: മന്ത്രി വി. മുരളീധരൻ
Sunday, January 19, 2020 12:10 AM IST
തൃശൂർ: പരമാനന്ദത്തെ നുകരുന്ന ഗുരുസന്ദേശം ഈ കാലഘട്ടത്തിലെ എല്ലാ പ്രശ്നങ്ങളെയും പരിഹരിക്കാൻ സഹായകരമാകുമെന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. അദ്ദേഹത്തിന്റെ സന്ദേശം ജീവിതത്തിൽ സ്വാംശീകരിക്കുവാൻ എല്ലാവർക്കും കഴിയണം.
എസ്എൻഡിപി യോഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ കുണ്ഡലിനിപ്പാട്ടിന്റെ മോഹിനിയാട്ട നൃത്താവിഷ്കാരം-ഏകാത്മകം മെഗാ ഇവന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കുണ്ഡലിനിപ്പാട്ടിന്റെ നൃത്താവിഷ്കാരം ഈ കാലഘട്ടത്തിൽ ഏറെ പ്രസക്തമാണ്. ഇത്തരത്തിൽ ഒരു നൃത്താവിഷ്കാരം ജനങ്ങളിലെത്തിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. ചരാചരങ്ങളിലെല്ലാം ഒരേ ചൈതന്യമാണ് കുടികൊള്ളുന്നതെന്ന ഗുരുദേവന്റെ സന്ദേശമാണ് ഈ കൃതിയിലുളളത്. ജീവാത്മാവും പരമാത്മാവും തമ്മിലുളള ബന്ധത്തെ ലളിതമായ പദങ്ങളിലൂടെയാണ് ഗുരുദേവൻ ആവിഷ്കരിച്ചത്. ആ കൃതിയുടെ ആന്തരാർത്ഥം മനസിലാക്കിയാൽ ലാളിത്യം തിരിച്ചറിയും അദ്ദേഹം പറഞ്ഞു. നൃത്തം ചിട്ടപ്പെടുത്തിയ ഡോ. ധനുഷ സന്യാലിനെ മന്ത്രി അഭിനന്ദിച്ചു.
വലിയൊരു കൂട്ടായ്മയുടെ വിജയമാണ് കുണ്ഡലിനിപ്പാട്ടിന്റെ നൃത്താവിഷ്കാരത്തിലൂടെ കണ്ടതെന്നം അതിനായി ജാതിമതഭേദമെന്യേ ജനങ്ങൾ ഒന്നിച്ചു കുറ്റമറ്റ രീതിയിൽ ഒരുക്കാനായതു വിവിധ സമുദായങ്ങളിലുള്ള കുട്ടികളുടെ സഹകരണം കൊണ്ടുകൂടിയാണെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.