വെബ്സെറ്റ് കേടായാലും പിഴ: വ്യാപാരി വ്യവസായി സമിതി
Friday, January 24, 2020 11:51 PM IST
കോഴിക്കോട്: ജിഎസ്ടി ആര്‍വൺ ഫയല്‍ചെയ്യുമ്പോള്‍ വെബ് സെറ്റ് തകരാറിലായി ഫയല്‍ചെയ്യാൻ പറ്റാത്ത വ്യാപാരികള്‍ തന്റേല്ലാത്ത കുറ്റത്തിന് പിഴ അടക്കേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്സര. ജിഎസ്ടി ആര്‍വണ്‍ ഫയല്‍ചെയ്യേണ്ട തീയതി കഴിഞ്ഞ ദിവസം അവസാനിച്ചെങ്കിലും ധാരാളം വ്യാപാരികള്‍ക്ക് ഇതുവരെ റിട്ടേണ്‍ ഫയല്‍ചെയ്യാന്‍ സാധിച്ചിട്ടില്ല.
രജിസ്ട്രേഷന് എടുത്തിട്ടുള്ള ഒരു കോടിയോളം വ്യാപാരികളില്‍ ഒന്നര ശതമാനത്തിന് മാത്രമേ ഒരേ സമയം ഇന്റര്‍നെറ്റ്വഴി ലോഗിന്ചെയ്യാന് കഴിയുന്നുള്ളു. അവസാന ദിവസം എല്ലാവരും ഒരുമിച്ച് റിട്ടേണ്‍ ഫയല്‍ചെയ്യാന്‍ ശ്രമിക്കുന്നതാണ് വെബ് സെറ്റ് തകരാറിലാകാന്‍ പ്രധാനകാരണമായി അധികൃതര്‍ പറയുന്നത്.
കണക്കുകള്‍ ശരിയാക്കുന്ന പ്രാക്ടീഷണര്‍മാരുടെ ജോലി ഭാരവും കണക്കുകള്‍ ക്രോഡീകരിച്ച് പ്രാക്ടീഷണർമാർക്ക് നല്‍കാനാവശ്യമായ കാലതാമസവും കാരണം റിട്ടേണ്‍ ഫയല്‍ചെയ്യല്‍ അവസാന ദിവസത്തേക്ക് നീളുമ്പോള്‍ പത്ത് മിനിറ്റ് എടുത്തിരുന്ന ഫയലിംഗ് ഒരു ദിവസം മുഴുവന്‍ ശ്രമിച്ചാലും ചെയ്യാന്‍ കഴിയുന്നില്ല. മാത്രമല്ല പത്ത് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഒടിപി ലഭിക്കാന്‍ ഒരു ദിവസത്തെ കാത്തിരിപ്പ് വേണ്ടിവരികയും ചെയ്യുന്നു. സോഫ്റ്റ്വേര്‍ തയാറാക്കിയ കമ്പനികളുടെ ശ്രദ്ധക്കുറവോ പരിചയമില്ലായ്മയോ ആണ് ഇത്തരത്തിലുള്ള കാലതാമസത്തിനും തകരാറിനും കാരണം.
അഞ്ച് ശതമാനം വ്യാപാരികള്‍ക്കെങ്കിലും ഒരേ സമയം സൈറ്റില്‍ കയറി ലോഗിന്ചെയ്യാന് സൗകര്യമൊരുക്കിയാല്‍ പ്രശ്നംപരിഹരിക്കാം. ദിവസം 50 രൂപ പിഴ ഈടാക്കുന്ന നടപടി അവസാനിപ്പിക്കുകയോ റിട്ടേണ്‍ ഫയല്‍ചെയ്യാനുള്ള സമയപരിധി നീട്ടി നല്‍കുകയോ വേണം. ഇക്കാര്യത്തില്‍ അധികൃതരുടെ ഭാഗത്ത്നിന്ന് അടിയന്തര ശ്രദ്ധ വേണമെന്നും രാജു അപ്സര ആവശ്യപ്പെട്ടു.