വിവാഹ വാഗ്ദാനം നൽകി ജീവനക്കാരിയെ പീഡിപ്പിച്ച സ്ഥാപന ഉടമ പിടിയിൽ
Wednesday, February 26, 2020 1:07 AM IST
മൂവാറ്റുപുഴ : വിവാഹ വാഗ്ദാനം നൽകി ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ സ്ഥാപന ഉടമ പോലീസ് പിടിയിൽ. പിഒ ജംഗ്ഷനിലെ അലീനാസ് ട്രാവൽ ഏജൻസി ഉടമ പേഴയ്ക്കാപ്പിള്ളി-പള്ളിപ്പടി കുളക്കാടൻകുഴിയിൽ അലി (49)ആണ് മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായത്. ഒന്നര വർഷത്തോളം അലി വാഗമണ്‍, ഗോവ, മൈസൂർ തുടങ്ങിയ സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി. വിവാഹ വാഗ്ദാനം നൽകിയായിരുന്നു പീഡനം.
വിവാഹം ചെയ്യണമെങ്കിൽ മതം മാറാൻ ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു. ഇയാൾ ജീവനക്കാരിക്ക് സാന്പത്തികസഹായം ഉറപ്പ് നൽകുകയും അവരുടെ സഹോദരിക്ക് വിദേശ ജോലി വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.
ജോലി ഉപേക്ഷിച്ചു പോയ യുവതിയെ ഇയാൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതോടെ കാഞ്ഞാർ പോലീസിൽ പരാതി നൽകി. തുടർന്ന് കാഞ്ഞാർ പോലീസ് കേസ് മുവാറ്റുപുഴ പോലീസിന് കൈമാറുകയായിരുന്നു. കേസ് അന്വേഷിക്കുന്നതിനിടെ ഒളിവിൽ താമസിച്ചുവരികയായിരുന്ന പ്രതിയെ കീഴില്ലത്തു നിന്ന് ഇന്നലെ ഉച്ചയോടെ പോലീസ് പിടികൂടി.
ഇയാളെ ഇന്നലെ വാഗമണിലും മറ്റും കൊണ്ടുപോയി തെളിവെടുപ്പു നടത്തി.