സ്വർണക്കടത്തു കേസ്: പോലീസ് ഓഫീസേഴ്സ് അസോ. നേതാവിനെതിരേ അച്ചടക്കനടപടി വേണമെന്നു ശിപാർശ
Sunday, August 2, 2020 12:16 AM IST
തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ പ്രതി സന്ദീപിനെ മദ്യപിച്ചു വാഹനം ഓടിച്ചതിനു പോലീസ് പിടികൂടിയപ്പോൾ സഹായിച്ചെന്ന ആരോപണത്തിൽ പോലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ലാ നേതാവിനെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെന്നു ഡിഐജിയുടെ റിപ്പോർട്ട്.
പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ ഭാരവാഹിയായ വി. ചന്ദ്രശേഖരനെതിരേ അച്ചടക്ക നടപടി സ്വീകരിക്കമമെന്നു നിർദേശിച്ചു തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാർ ഗുരുഡിനാണ് സംസ്ഥാന പോലീസ് മേധാവിക്കു റിപ്പോർട്ട് സമർപ്പിച്ചത്.
സ്വർണക്കടത്തു കേസിൽ അറസ്റ്റിലായ സന്ദീപുമായുള്ള പോലീസ് ഉദ്യോഗസ്ഥന്റെ ബന്ധം സംബന്ധിച്ച് വിശദമായ അന്വേഷണം വേണം. മദ്യപിച്ച് വാഹനമോടിച്ചതിന് മണ്ണന്തല പോലീസ് പിടികൂടിയ സന്ദീപിനെ ജാമ്യത്തിലിറക്കാൻ പോലീസ് അസോസിയേഷൻ നേതാവ് ഇടപെട്ടത് ചട്ടവിരുദ്ധമാണ്. നേതാവിന്റെ സമ്മർദം മൂലമാണ് രേഖകളൊന്നും ഹാജരാക്കാതെ പോലീസ് വാഹനം വിട്ടു നൽകിയത്.