അടുത്ത മാസം കോവിഡ് വ്യാപനവും മരണനിരക്കും കൂടുമെന്നു റിപ്പോർട്ട്
Friday, August 14, 2020 12:34 AM IST
തിരുവനന്തപുരം: അടുത്ത മാസം സംസ്ഥാനത്തു കോവിഡ് വ്യാപനം വർധിക്കുമെന്നും മരണനിരക്ക് ഉയരുമെന്നും ആരോഗ്യ വകുപ്പ്.
ഇതിന്റെ മുന്നോടിയായി ഈ മാസം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടും. സെപ്റ്റംബർ ആദ്യവാരം പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയിൽ കോവിഡ് കേസുകൾ പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യമുണ്ടാകും. കോവിഡ് കേസുകൾ വർധിക്കുന്നതിന് ആനുപാതികമായി മരണനിരക്കും ഉയരുമെന്നത് ഗൗരവത്തോടെ കാണണമെന്നും ആരോഗ്യ വകുപ്പ് സർക്കാരിനു നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അടുത്ത മാസം ആദ്യവാരത്തോടെ കൂടുതൽ ജില്ലകളിൽ സമൂഹവ്യാപനം ഉണ്ടാകുമെന്നു വിദഗ്ധ സമിതി അധ്യക്ഷൻ ഡോ.ബി. ഇക്ബാൽ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇങ്ങനെതന്നെയാണു സംസ്ഥാന ദുരന്ത നിവാരണ അഥോറ്റിയും സർക്കാരിനു നൽകിയ റിപ്പോർട്ടിൽ പറയുന്നത്.
സെപ്റ്റംബറോടെ സംസ്ഥാനത്തു രോഗികളുടെ എണ്ണം രണ്ടു ലക്ഷം കടക്കുമെന്നായിരുന്നു ദുരന്ത നിവാരണ അഥോറിറ്റി നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നത്. എന്നാൽ സർക്കാർ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയാൽ ഒക്ടോബറോടെ കേരളത്തിൽ കോവിഡ് വ്യാപനം കുറഞ്ഞു തുടങ്ങുമെന്നും വിദഗ്ധ സമിതി അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ കോവിഡ് കേസുകൾ കൂടുന്ന സാഹചര്യം നേരിടാൻ സർക്കാർ സജ്ജമാണെന്നു മന്ത്രി വ്യക്തമാക്കി. പ്രതിരോധ സംവിധാനങ്ങളെല്ലാം സജ്ജമാക്കിയിട്ടുണ്ട്.