കേരളത്തിലേത് ജനിതക വ്യതിയാനം സംഭവിച്ച വൈറസെന്നു മുഖ്യമന്ത്രി
Sunday, September 20, 2020 12:52 AM IST
തിരുവനന്തപുരം: വർധിച്ച വ്യാപനശേഷിക്കു കാരണമായേക്കാവുന്ന ജനിതകവ്യതിയാനം സംഭവിച്ച വൈറസുകളാണ് കേരളത്തിൽ കാണപ്പെടുന്നതെന്നാണ് വിദഗ്ധ പഠനത്തിന്റെ നിഗമനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ഗവേഷണത്തിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളജിൽ കേരളത്തിൽനിന്നുള്ള 179 വൈറസുകളുടെ ജനിതകശ്രേണികരണം നടത്തുവാനും അവയുടെ വംശാവലി സാർസ് കൊറോണ രണ്ടിന്റെ ഇന്ത്യൻ ഉപവിഭാഗമായ എ2എ ( A2a)ആണെന്ന് നിർണയിക്കുവാനും സാധിച്ചു.
വിദേശ വംശാവലിയിൽ പെട്ട രോഗാണുക്കൾ കണ്ടെത്താൻ കഴിഞ്ഞില്ല. വടക്കൻ ജില്ലകളിൽ നിന്നെടുത്ത സാമ്പിളുകളിൽ നിന്നു ലഭിക്കുന്ന വിവര പ്രകാരം ഒഡീഷ, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നുള്ള രോഗാണുക്കളാണ് കൂടുതലായി കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.