മലങ്കര കത്തോലിക്കാ സഭ മാർത്താണ്ഡം, പുത്തൂർ ഭദ്രാസനങ്ങളുടെ അതിർത്തി പുനർനിർണയിച്ചു
Tuesday, September 22, 2020 1:00 AM IST
തിരുവനന്തപുരം: മലങ്കര കത്തോലിക്കാ സഭയുടെ മാർത്താണ്ഡം, പുത്തൂർ ഭദ്രാസനങ്ങളുടെ അതിർത്തി പുനർനിർണയിച്ചുകൊണ്ട് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉത്തരവായി. പൂന- കഡ്കി സെന്റ് എഫ്രേം ഭദ്രാസനത്തിന്റെ മഹാരാഷ്ട്ര, ഗോവ, കർണാടക, തെലുങ്കാന, ആന്ധ്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പ്രദേശങ്ങളിലുള്ള അജപാലനാധികാരം ഫ്രാൻസിസ് മാർപാപ്പ കൽപ്പനയിലൂടെ മലങ്കര കത്തോലിക്കാ സഭയുടെ സൂനഹദോസിനു നൽകി.
അതനുസരിച്ച് ഇപ്പോൾ പൂന- കഡ്കി സെന്റ് എഫ്രേം ഭദ്രാസനത്തിന്റെ അധികാര പരിധിയിൽപ്പെട്ട തിരുനെൽവേലി, തെങ്കാശി, തൂത്തുക്കുടി, വിരുതുനഗർ, മധുര, തേനി, ഡിംഡുഗൽ, ശിവഗംഗ, രാമനാഥപുരം, പുതുക്കോട്ട, തഞ്ചാവൂർ, തിരുവരുർ, നാഗപട്ടണം, തിരുച്ചിറപ്പള്ളി, പെരന്പളൂർ, അരിവാളൂർ, ഗുഡല്ലൂർ, നാമക്കൽ, മയിലാടുതുറൈ എന്നീ സിവിൽ ജില്ലകളും മൂവാറ്റുപുഴ ഭദ്രാസനത്തിന്റെ കീഴിലുള്ള പ്രദേശങ്ങൾ ഒഴികെയുള്ള കരൂർ ജില്ലയും മാർത്താണ്ഡം ഭദ്രാസനത്തിലെ നിലവിലെ ഏക സിവിൽ ജില്ലയായ കന്യാകുമാരിയോടൊപ്പം മാർത്താണ്ഡം ഭദ്രാസനത്തിന്റെ അജപാലന പ്രദേശമായി പ്രഖ്യാപിച്ചു.
പുത്തൂർ ഭദ്രാസനത്തിലെ അജപാലന പ്രദേശത്തോടൊപ്പം ഇപ്പോൾ പൂന- കഡ്കി എഫ്രേം ഭദ്രാസനത്തിന്റെ അധികാരപരിധിയിൽപ്പെട്ട ഉത്തര കന്നഡ, തുംകൂർ, ബംഗളൂരു അർബൻ, രാമനഗർ, ചിക്കബല്ലപുര, കോളാർ, ബംഗളൂരു റൂറൽ എന്നീ സിവിൽ ജില്ലകളും പുത്തൂർ ഭദ്രാസനത്തിന്റെ അജപാലന ഭൂപ്രദേശമായി പ്രഖ്യാപിച്ചു. ഈ രണ്ട് ഉത്തരവുകളും ഒക്ടോബർ ഒന്നിന് വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാൾദിവസം പ്രാബല്യത്തിൽ വരും.