കുളിക്കുന്നതിനിടെ രണ്ടു വിദ്യാർഥികൾ പുഴയിൽ മുങ്ങിമരിച്ചു
Saturday, November 21, 2020 11:56 PM IST
കൂത്തുപറമ്പ്: പുഴയിൽ കുളിക്കാനിറങ്ങിയ സുഹൃത്തുക്കളായ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു. മൈലുള്ളിമെട്ടയിലെ മീത്തലെ കേളോത്ത് വീട്ടിൽ പരേതനായ രവി-റീത്ത ദമ്പതികളുടെ മകൻ അജൽനാഥ് (15), കുഴിയിൽപീടിക ശ്രീസന്നിധിയിൽ ജയൻ-ഗീത ദമ്പതികളുടെ മകൻ ആദിത്യൻ (15) എന്നിവരാണു മരിച്ചത്. ഇന്നലെ രാവിലെ 11.45 ന് അഞ്ചരക്കണ്ടി പുഴയുടെ ഭാഗമായ മമ്പറം മൈലുള്ളി കുന്നത്ത്പാറ ഭാഗത്തായിരുന്നു സംഭവം.
ഇരുവരും കളിക്കാൻ പോകുന്നതിനിടയിൽ സുഹൃത്തുക്കളോട് ഉടൻ വരാമെന്നുപറഞ്ഞ് പുഴയിൽ കുളിക്കാൻ പോകുകയായിരുന്നു. മടങ്ങിവരാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ പോയി നോക്കിയപ്പോഴാണ് ഇരുവരും വെള്ളത്തിൽ മുങ്ങിത്താഴുന്നത് കണ്ടത്. ഉടൻതന്നെ രണ്ടുപേർ പുഴയിലിറങ്ങി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വിവരമറിഞ്ഞ് എത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നു നടത്തിയ തെരച്ചിലിൽ ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
അജൽനാഥ് വേങ്ങാട് ഇ.കെ. നായനാർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്. സഹോദരൻ: അമൽനാഥ്.
ആദിത്യൻ പിണറായി എകെജി ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ്. ആഗ്നോയ് സഹോദരനാണ്. ആദിത്യന്റെ മൃതദേഹം ഇന്നലെ രാത്രിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. അജൽനാഥിന്റെ സംസ്കാരം ഇന്നു രാവിലെ പത്തിന് പന്തക്കപ്പാറ പ്രശാന്തി ശ്മശാനത്തിൽ നടക്കും.