അധ്യക്ഷപദ സംവരണം: വിധിക്കെതിരെ അപ്പീല്‍
Wednesday, November 25, 2020 12:32 AM IST
കൊച്ചി: തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ പദവി തുടര്‍ച്ചയായി സംവരണം ചെയ്യുന്നത് ഒഴിവാക്കി നിലവിലെ നിയമം പുനർനിര്‍ണയിക്കണമെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി.
തദ്ദേശ ഭരണ സ്ഥാപനത്തിലെ അധ്യക്ഷ പദവി തുടര്‍ച്ചയായി പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും വനിതകള്‍ക്കുമായി സംവരണം ചെയ്യുന്നത് നിയമപരമല്ലെന്നു ചൂണ്ടിക്കാട്ടി ഈ മാസം 16 നാണു സിംഗിള്‍ ബെഞ്ച് വിധി പറഞ്ഞത്. ഭരണഘടനയില്‍ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ പദവി സംവരണം ചെയ്യുന്നതു റൊട്ടേഷന്‍ സമ്പ്രദായത്തിലാകണമെന്നു പറയുന്നുണ്ടെങ്കിലും ആര്‍ട്ടിക്കിള്‍ 243 ടി യില്‍ ഇതു നിര്ബന്ധമാക്കിയിട്ടില്ലെന്നാണു സര്‍ക്കാരിന്റെ വാദം. തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് നടപടികൾ പുരോഗമിക്കുന്നതിനിടെ ഭരണഘടനാ സാധുതയോ ചട്ടപ്രകാരമുള്ള വ്യവസ്ഥയോ കണക്കിലെടുക്കാതെയാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയതെന്നും അപ്പീലില്‍ പറയുന്നു. ഡിവിഷന് ബെഞ്ച് അപ്പീല്‍ ഇന്നു പരിഗണിച്ചേക്കും.