പ്രതിപക്ഷ നേതാവിനെതിരായ ബാർ കോഴ ആരോപണം; അന്വേഷണതീരുമാനം വിജിലൻസ് ഡയറക്ടർ മടങ്ങിയെത്തിയ ശേഷം
Saturday, December 5, 2020 1:37 AM IST
തിരുവനന്തപുരം: ബാർ കോഴ ആരോപണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരേയുള്ള വിജിലൻസിന്റെ പ്രാഥമികാന്വേഷണം സംബന്ധിച്ച തീരുമാനം വിജിലൻസ് ഡയറക്ടർ സുദേഷ്കുമാർ മടങ്ങിയെത്തിയ ശേഷം. സംസ്ഥാനത്തിനു പുറത്തുള്ള സുദേഷ്കുമാർ ഇന്നു മടങ്ങിയെത്തുമെങ്കിലും തിങ്കളാഴ്ചയോടെ മാത്രമേ ഓഫീസിൽ എത്തുകയുള്ളുവെന്നാണു വിവരം.
ബാറുടമ ബിജു രമേശ് പ്രതിപക്ഷ നേതാവിനെതിരേ ഉന്നയിച്ച ബാർ കോഴ ആരോപണത്തിൽ വിജിലൻസ് പ്രാഥമികാന്വേഷണത്തിന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, കഴിഞ്ഞ തിങ്കളാഴ്ച അനുമതി നൽകിയിരുന്നു. തുടർന്ന് ഇതുസംബന്ധിച്ച ഫയൽ ആഭ്യന്തര വകുപ്പിന്റെ പരിഗണനയ്ക്കെത്തി. ഇതു വിജിലൻസ് ഡയറക്ടർ പരിഗണിക്കും.
വിജിലൻസ് നിയമോപദേഷ്ടാവിന്റെ നിയമോപദേശംകൂടി തേടിയ ശേഷമാകും അന്തിമ തീരുമാനമെടുക്കുകയെന്നാണു സൂചന. ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ടു മുൻ മന്ത്രിമാരായ വി.എസ്. ശിവകുമാർ എംഎൽഎയ്ക്കും കെ. ബാബുവിനും എതിരേയുള്ള വിജിലൻസ് പരിശോധനയ്ക്ക് അനുമതി തേടിയുള്ള ഫയൽ ഗവർണറുടെ പരിഗണനയിലാണ്. ഇക്കാര്യത്തിൽ ഗവർണർക്കുള്ള വിശദീകരണവും വിജിലൻസ് ഡയറക്ടർ നൽകേണ്ടി വരും. നേരിട്ടെത്തി വിശദീകരിക്കേണ്ടി വരുമോ അതോ വിശദീകരണം എഴുതി നൽകിയാൽ മതിയോ എന്നത് അടക്കമുള്ള കാര്യവും രാജ്ഭവനുമായി ചർച്ച നടത്തിയ ശേഷമാകും വിജിലൻസ് ഡയറക്ടർ തീരുമാനമെടുക്കുക.
മൂന്നു പേർക്കെതിരേയും സമാന സ്വഭാവമുള്ള ആരോപണങ്ങൾ ഉയർന്ന സ്ഥിതിക്ക് മുൻ മന്ത്രിമാർക്കെതിരേ ഗവർണറുടെ അനുമതി ലഭിക്കുന്ന മുറയ്ക്കാകും ഒരുമിച്ച് അന്വേഷണം പ്രഖ്യാപിക്കുക. ഗവർണറുടെ അനുമതി വൈകിയാൽ സർക്കാർ സമാന്തര നടപടി ആലോചിക്കും.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ബാറുകളുടെ ലൈസൻസ് ഫീസ് കുറയ്ക്കാൻ ബാറുടമകളിൽനിന്നു പിരിച്ച പണം കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയ്ക്കു കൈമാറിയെന്നായിരുന്നു ബിജുരമേശിന്റെ ആരോപണം. ആരോപണം ഉന്നയിച്ച ബിജു രമേശിനെതിരേ, രമേശ് ചെന്നിത്തല, അപകീർത്തികരമായ പരാമർശങ്ങൾ പിൻവലിച്ചു പരസ്യമായി മാപ്പു പറഞ്ഞില്ലെങ്കിൽ നിയമപരമായ നടപടി സ്വീകരിക്കുമെന്നു ചൂണ്ടിക്കാട്ടി വക്കീൽ നോട്ടീസ് അയച്ചിരുന്നു.