റേഷൻ വ്യാപാരികളുടെ സമരം: സർക്കാർ നിലപാട് പ്രതിഷേധാർഹം: ജോണി നെല്ലൂർ
Saturday, September 11, 2021 12:54 AM IST
തിരുവനന്തപുരം: ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ ഭാഗമായി റേഷൻ വ്യാപാരികൾക്കു നൽകാനുള്ള കമ്മീഷൻ വിതരണം ചെയ്യാൻ സർക്കാർ തയാറാകണമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഭക്ഷ്യമന്ത്രി നിഷേധാത്മക നിലപാട് തുടർന്നാൽ റേഷൻ വിതരണം സ്തംഭിപ്പിച്ചുള്ള സമര പരിപാടികളിലേക്ക് നീങ്ങേണ്ടി വരും.
റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല റിലേ സത്യഗ്രഹവുമായി ബന്ധപ്പെട്ട് ഭക്ഷ്യമന്ത്രി നടത്തിയ പ്രസ്താവന വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണ്. ഇത് റേഷൻ വ്യാപാരി കുടുംബങ്ങളെ കടുത്ത നിരാശയിലേക്ക് തള്ളി വിടും. 22 വരെ അനിശ്ചിതകാല റിലേ സത്യഗ്രഹം തുടുരാനാണ് തീരുമാനിച്ചിട്ടുള്ളത്.
സമരം തുടങ്ങി പത്തു ദിവസം പിന്നിട്ടിട്ടും ചർച്ചയ്ക്കു പോലും തയാറാകാത്തത് പ്രതിഷേധാർഹമാണ്-അദ്ദേഹം പറഞ്ഞു.