മലങ്കര കത്തോലിക്കാസഭ എല്ലാ സമൂഹത്തെയും ബന്ധിപ്പിക്കുന്ന കണ്ണി: ജോസഫ് മാർ ബർണബാസ്
Tuesday, September 21, 2021 11:58 PM IST
തിരുവനന്തപുരം: മലങ്കര കത്തോലിക്കാസഭ എല്ലാ സമൂഹത്തെയും ബന്ധിപ്പിക്കുന്ന കണ്ണിയാണെന്നു ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത. മലങ്കര കത്തോലിക്കാസഭാ 91-ാം പുനരൈക്യ വാർഷികാഘോഷത്തോട് അനുബന്ധിച്ചു നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലങ്കര കത്തോലിക്കാ സഭ ഐക്യത്തിന്റെ സന്ദേശം ലോകത്തിനു കാണിച്ചുകൊടുത്ത സഭയാണ്. ദൈവത്തിന്റെ അകമഴിഞ്ഞ അനുഗ്രഹം ഈ സഭയക്ക് ലഭിച്ചു. സഭ ധന്യമായിരിക്കുന്നത് പിതാക്കൻമാരുടെ പ്രാർഥനാ ജീവിതത്താലാണ്. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവായുടെ നേതൃത്വത്തിൽ സഭ കൂടുതൽ ഉയർച്ചയിലേക്ക് എത്തട്ടേയെന്നും മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത ആശംസിച്ചു.
മഹത്തായ ഒരു ദേശത്ത് ജനിക്കുന്നതിനും ആ സംസ്കാരത്തിൽ ജീവിക്കുന്നതിനും ഉള്ള അത്യപൂർവഭാഗ്യമാണ് നമുക്കുണ്ടായിരിക്കുന്നതെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച മലങ്കര കത്തോലിക്കാസഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ അഭിപ്രായപ്പെട്ടു.
മാർ ഈവാനിയോസ് അനന്തപുരിയിൽ സ്ഥിരതാമസമാക്കിയ നാൾ മുതൽ ഇന്നുവരെ സവിശേഷമായ ബന്ധം കൈമുതലാക്കി. ഇന്നും അതു കാത്തു സൂക്ഷിക്കുന്നു. പ്രപഞ്ചത്തിൽ ഏറ്റം പ്രാധാന്യം ദൈവം കൽപിച്ചുനല്കിയിരിക്കുന്നത് മനുഷ്യനാണ്. സ്നേഹത്തിന്റെ ഏറ്റവും വലിയ ആവിഷ്ക്കാരമാണ് മനുഷ്യൻ. മനുഷ്യനിലെ ദൈവിക ഭാവം എന്നത് അവന്റെ മഹത്വത്തിന്റെ അടയാളമാണ്. ഇത് പഠിപ്പിച്ച മാർ ഈവാനിയോസിനെയും മാർ ഗ്രീഗോറിയോസിനെയും സിറിൾ മാർ ബസേലിയോസിനെയും ഉൾപ്പെടെ ആദരവോടെയും കൃതജ്ഞതയോടെയും കാണണം. നന്മചെയ്തു ജീവിക്കുന്നതിന് ഈ കാലഘട്ടത്തിൽ പ്രതിബന്ധങ്ങൾ ഏറെയുണ്ടെന്നും കർദിനാൾ കൂട്ടിച്ചേർത്തു.
പുനരൈക്യസമ്മേളനത്തിന്റെ പ്രസക്തി ഏറെയാണെന്നു ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ ലത്തീൻ തിരുവനന്തപുരം ആർച്ച് ബിഷപ് ഡോ. എ. സൂസാപാക്യം അഭിപ്രായപ്പെട്ടു. എല്ലാ സഭകൾക്കും മാതൃകയാണ് മലങ്കര സഭ. സഭയുടെ വളർച്ചയ്ക്കും പുരോഗതിക്കും കർദിനാൾ മാർ ക്ലീമിസ് കാലോതിക്കാബാവ നല്കിയ സംഭാവനകൾ ഏറെയാണെന്ന് ആർച്ച് ബിഷപ് അഭിപ്രായപ്പെട്ടു.
പുനരൈക്യ സമ്മേളനം സമൂഹത്തിനു പകർന്നു നല്‍കുന്നത് ഐക്യത്തിന്റെ സാക്ഷ്യമെന്നു സിഎസ്ഐ സഭാ മോഡറേറ്റർ റവ. ധർമരാജ് റസാലം അഭിപ്രായപ്പെട്ടു.
മന്ത്രിമാരായ ജി.ആർ. അനിൽ, ആന്റണി രാജു, വി. ശിവൻകുട്ടി, ശശി തരൂർ എംപി , കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, വി.കെ. പ്രശാന്ത് എംഎൽഎ, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, ഫാ. ജോസഫ് കീപ്രത്ത്, ജോസഫ് സാമുവേൽ കറുകയിൽ കോർ എപ്പിസ്കോപ്പ, നഗരസഭാംഗങ്ങളായ വനജ രാജേന്ദ്രൻ, ജോണ്സണ് ജോസഫ് ,മോണ്‍. മാത്യു മനക്കരകാവിൽ കോർ എപ്പിസ്കോപ്പ, മോണ്‍. വർക്കി ആറ്റുപുറത്ത് , ജനറൽ കണ്‍വീനർ ഫാ. നെൽസണ്‍ വലിയ വീട്ടിൽ എന്നിവർ പ്രസംഗിച്ചു.
പോസ്റ്റൽ വകുപ്പ് പ്രസിദ്ധീകരിക്കുന്ന സ്റ്റാന്പ് ചടങ്ങിൽ കർദിനാൾ മാർ ക്ലീമിസ് ബാവാ പ്രകാശനം ചെയ്തു.