ഇടതു വിദ്യാർഥി സംഘടന ശൈലി തിരുത്തണം: കെപിസിടിഎ
Monday, January 24, 2022 1:34 AM IST
കണ്ണൂർ: സംസ്ഥാനത്ത് വിവിധ സർവകലാശാലകളിൽ കോളജ് യൂണിയൻ ഇലക്ഷനുമായി ബന്ധപ്പെട്ട് ചില വിദ്യാർഥി സംഘടനകൾ രാഷ്ട്രീയ അന്ധത ബാധിച്ചതുപോലെ പെരുമാറുന്നത് അപലപനീയമാണെന്ന് കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെപിസിടിഎ) സംസ്ഥാന നിർവാഹകസമിതി യോഗം പ്രസ്താവനയിലൂടെ അറിയിച്ചു.
കോവിഡ് മൂന്നാം തരംഗം മൂർധന്യാവസ്ഥയിൽ ആയിരിക്കുന്ന സാഹചര്യത്തിൽ, കോളജ് യൂണിയൻ ഇലക്ഷൻ നടത്തുന്നത് സുരക്ഷിതമല്ല. എന്നിരുന്നാലും ഇതര വിദ്യാർഥി സംഘടനകളെ ഇല്ലായ്മ ചെയ്യുക എന്ന ഫാസിസ്റ്റ് നയത്തിന്റെ ഭാഗമായി, റിട്ടേണിംഗ് ഓഫീസർ പദവിയിലുള്ള അധ്യാപകരെ പോലും ഓഫീസ് മുറിയിൽ പൂട്ടിയിടുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന നയം തിരുത്തപ്പെടണമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. യു. അബ്ദുൽ കലാം ആവശ്യപ്പെട്ടു.
കേരളത്തിലെ വിവിധ കോളജുകളിൽ നടക്കുന്നത് ഒരു ഇടതുപക്ഷ വിദ്യാർഥി സംഘടനയുടെ അന്ധമായ രാഷ്ട്രീയ നിലപാടിന്റെ പരിണിതഫലമാണ്. അധ്യാപക-വിദ്യാർഥി ബന്ധം ഊഷ്മളമായിരിക്കുന്ന ഈ കാലഘട്ടത്തിലും ചിലരുടെ നേതൃത്വത്തിൽ നടക്കുന്ന ഇത്തരം നിലപാടുകൾ എതിർക്കപ്പെടണമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. പ്രേമചന്ദ്രൻ കീഴോത്ത് പറഞ്ഞു. വിദ്യാർഥി സംഘടനയുടെ ഇത്തരം നിലപാടുകൾ തിരുത്താൻ ഫാസിസ്റ്റ് സ്വഭാവം വളർത്തിയെടുക്കാൻ മുൻകൈയെടുത്ത ഇടതുപക്ഷ നേതാക്കൾ തയാറാകണമെന്ന് സംസ്ഥാന നേതാക്കളായ ഡോ. ടി. മുഹമ്മദലി, ഡോ. ചെറിയാൻ ജോൺ, ഡോ. ജോ പ്രസാദ് മാത്യു, റോണി ജോർജ്, ഡോ. ഇ.എഫ്. വർഗീസ് എന്നിവർ ആവശ്യപ്പെട്ടു.