പരിശുദ്ധാത്മാവിന്റെ പ്രചോദനങ്ങൾക്കു പൂർണമായി സ്വയം വിട്ടുകൊടുത്ത് ജീവിതത്തെ സമഗ്രമായി നവീകരിക്കുന്നതാണു സജീവ ബലിയുടെ മറ്റൊരു മാനം. അതിനെ, പഴയ മനുഷ്യനെ ഉരിഞ്ഞുകളഞ്ഞ്, പുതിയ മനുഷ്യനെ ധരിക്കൽ എന്നാണ് അപ്പസ്തോലൻ വിശേഷിപ്പിക്കുന്നത് (റോമ 12,9-21; എഫേ 4,22-24; ഹെബ്രാ 3,9). ഇവിടെ ഒരു സമൂലപരിവർത്തനം നടക്കുന്നു. പരിശുദ്ധാത്മാവാണ് ഈ പുതിയ സൃഷ്ടി നടത്തുന്നത്. അതിന്റെ ഫലമാണ് “സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം’’ (ഗലാ 5,22) എന്നിവ.
ഇപ്രകാരം ആത്മാവിനാൽ നവീകരിക്കപ്പെട്ടവരുടെ ജീവിതം സമൂഹത്തിൽ ഒരു സാക്ഷ്യവും പ്രചോദനവും ആകും. അപ്പോൾ എല്ലാവരോടും സമാധാനത്തിൽ കഴിയാൻ സാധിക്കും. ആരും ആരോടും തിന്മയ്ക്കു പകരം തിന്മചെയ്യില്ല. തിന്മയെ നന്മകൊണ്ടു കീഴടക്കും.
എപ്പോഴും സന്തോഷത്തോടെ ഇരിക്കാനും എല്ലാ കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കാനും കഴിയും. ഇതാണ് എല്ലാ മനുഷ്യരെയും സംബന്ധിച്ചുള്ള ദൈവഹിതം (1 തെസ 5,15-21). ഇതൊക്കെയാണു ശരീരം ദൈവത്തിനു സജീവബലിയായി അർപ്പിക്കുക എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. ഇക്കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കാൻ നോന്പുകാലം ആഹ്വാനം ചെയ്യുന്നു. ഓരോ മനുഷ്യന്റെയും ശരീരം ദൈവം വസിക്കുന്ന സജീവ ദൈവാലയമാണെന്ന കാര്യം പ്രത്യേകം ഓർമിക്കണം. ഈ ദൈവാലയത്തെ പവിത്രമായി കാത്തുസൂക്ഷിക്കണം എന്നും നോന്പുകാലം അനുസ്മരിപ്പിക്കുന്നു.