വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം: ഒരുക്കങ്ങൾ പൂർത്തിയായി
Thursday, March 30, 2023 1:54 AM IST
വൈക്കം: വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന് വൈക്കം കായലോര ബീച്ചിൽ ഒരുക്കങ്ങൾ പൂർത്തിയായി.
ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നിനാണ് കെപിസിസിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മഹാ സമ്മേളനം. എഐസിസി പ്രസിഡന്റ് മല്ലികാർജുന ഖാർഗെ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനം വൻ വിജയമാക്കാൻ കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ, എം.ലിജു, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വൈക്കം, തലയോലപ്പറമ്പ് കോൺഗ്രസ് ബ്ലോക്ക് കമ്മറ്റികളുടെ സഹകരണത്തോടെ ഊർജിതായ പ്രവർത്തനങ്ങൾ നടത്തിവരികയായിരുന്നു.
കെ പി സി സി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി. ജോസഫ് തുടങ്ങിയ നേതാക്കൾ പലതവണ എത്തി ക്രമീകരണങ്ങൾ ഏകോപിപ്പിച്ചു.
എഐസിസി പ്രസിഡന്റായശേഷം മല്ലികാർജുൻ ഖാർഗെയുടെ കേരളത്തിലെ ആദ്യ പൊതു പരിപാടിയാണ് വൈക്കത്തേത്. ദേശീയ അധ്യക്ഷന്റെ ആദ്യപരിപാടി വൻവിജയമാക്കാൻ കോൺഗ്രസ് പ്രവർത്തകരും ഏറെ ആവേശത്തിലാണ്.