കേന്ദ്രത്തിന്റേതു ബ്ലാക്ക് മെയിലിംഗ്: കെ.എൻ. ബാലഗോപാൽ
Saturday, February 24, 2024 12:52 AM IST
തിരുവനന്തപുരം: കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ സമീപനം ബ്ലാക്ക് മെയിലിംഗാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേരളത്തിന് ഇപ്പോൾ കേന്ദ്രസർക്കാരിൽനിന്ന് സ്വാഭാവികമായും കിട്ടേണ്ട 13,609 കോടി രൂപയുണ്ട്. ഈ പണം തരണമെങ്കിൽ കേരളം സുപ്രീംകോടതിയിൽ നൽകിയ ഹർജി പിൻവലിക്കണമെന്നതായിരുന്നു കേന്ദ്രസർക്കാർ പ്രതിനിധികളുടെ നിലപാടെന്നും മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
ഇക്കഴിഞ്ഞ 19നു സുപ്രീംകോടതി ഹർജി വീണ്ടും പരിഗണിച്ചപ്പോഴും കേന്ദ്രസർക്കാരി ന്റെ നിലപാട് വിചിത്രമായിരുന്നു. പണം കൊടുക്കാനുണ്ട്, എന്നാൽ, ഹർജി പിന്‍വലിച്ചാലേ നൽകൂ എന്ന സമീപനമാണവര്‍ സ്വീകരിച്ചത്. ഇന്ത്യൻ ഭരണഘടനയെ അംഗീകരിക്കാത്ത, ബഹുമാനിക്കാത്ത നിലപാടാണു കേന്ദ്രസർക്കാരിൽനിന്നുണ്ടായത്. ഒരോ വ്യക്തിക്കും തന്റെ അവകാശങ്ങൾ സ്ഥാപിച്ചെടുക്കാൻ കോടതിയെ സമീപിക്കാനുള്ള ഭരണഘടനാപരമായ അധികാരമുണ്ട്.
അത്യപൂര്‍വം
കോടതിയിലേക്കു പോകത്തക്കനിലയിൽ കേന്ദ്രസർക്കാരും സംസ്ഥാനവും തമ്മിലൊരു തർക്കമുണ്ടാകുന്നത് അത്യപൂർവമാണ്. എന്നാൽ, ഇവിടെ തർക്കപരിഹാരത്തിനു നേരേ കോടതിയെ സമീപിക്കുകയായിരുന്നില്ല. മറ്റു മാർഗങ്ങളെല്ലാം തേടിയ ശേഷമാണ് കോടതിയെ സമീപിച്ചത്. കേസ് നിലനിൽക്കുന്നതിനാൽ പണം തരാൻ കഴിയില്ലെന്ന വാദത്തിൽനിന്നുതന്നെ, കേരളം പറഞ്ഞത് പൂർണമായും ശരിയാണെന്നാണു തെളിയുന്നത്. ഒരു തർക്കവുമില്ലാത്തതിനാലാണ് 13,609 കോടി രൂപ തരാമെന്ന് സമ്മതിക്കുന്നത്.
ഊർജമേഖലയിലെ നഷ്ടം കുറയ്ക്കുന്നതിന്റെ ഭാഗമായി സ്വീകരിച്ച നടപടികളുടെ ഫലമായി കടം എടുക്കാൻ അനുവദിച്ച 4,866 കോടി, പബ്ലിക് അക്കൗണ്ടിലെ നിക്ഷേപം തെറ്റായി കണക്കാക്കിയതുമൂലം കടമെടുപ്പിൽ കുറച്ച 4,323 കോടി, കഴിഞ്ഞവർഷത്തെ വായ്പാനുമതിയിൽ ബാക്കിനിൽപ്പുള്ള 1,877 കോടി, പുനർവായ്പാ ഇനത്തിലെ 2,543 കോടി എന്നിങ്ങനെ 13,609 കോടിയുടെ വായ്പാനുമതിയിലെ തുക എടുക്കാൻ സമ്മതിക്കാമെന്നായിരുന്നു കേന്ദ്ര നിലപാട്.
അത് സാധാരണ ലഭിക്കേണ്ട തർക്കരഹിതമായ വായ്പയാണ്. അതു ലഭിക്കണമെങ്കിൽ ഹർജി പിൻവലിക്കണമെന്ന് പറയുന്നത് ‘ബ്ലാക്ക് മെയിലിംഗ്’ ആണ്. സംസ്ഥാനത്തെ സമ്മർദത്തിലാക്കി ശ്വാസംമുട്ടിക്കാനുള്ള നീക്കമാണ്. സംസ്ഥാനം നൽകിയ കേസിൽ നീതിയുക്തമായ കാര്യങ്ങളുണ്ടെന്നതു തിരിച്ചറിഞ്ഞുള്ള സമ്മർദതന്ത്രമാണ് പിൻവലിക്കൽ ആവശ്യത്തിലൂടെ ഉന്നയിക്കുന്നത്.
മർക്കടമുഷ്ടി
കേരളത്തിനുനേരേ കേന്ദ്രം ‘മർക്കടമുഷ്ടി’ കാട്ടുകയാണ്. ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്നു ശതമാനം മാത്രമാണ് സംസ്ഥാനത്തിനു കടമെടുക്കാനാകുന്നത്. ഇതിനുപുറമേ, ഊർജമേഖലയിലെ പരിഷ്കാരനടപടികൾക്കായി അരശതമാനം അധികവും അനുവദിക്കുന്നു. കഴിഞ്ഞവർഷം അനുവദിച്ചത് 2.44 ശതമാനം മാത്രമാണ്. ഇതേ കേന്ദ്രസർക്കാരിന്റെ കഴിഞ്ഞവർഷത്തെ ധനക്കമ്മി 6.4 ശതമാനമായിരുന്നു. ഈവർഷം പുതുക്കിയ കണക്കിലും 5.8 ശതമാനമാണ്. അടുത്തവർഷം 5.1 ശതമാനം കടമെടുക്കേണ്ടിവരുമെന്ന് ബജറ്റിൽ പറയുന്നു. സംസ്ഥാനങ്ങളുടെ വായ്പയുടെ ഇരട്ടിയാണ് കേന്ദ്രം എടുക്കുന്നത്.
സമ്മർദം, മുതലെടുപ്പ്
സാമ്പത്തിക വർഷാവസാന മാസമായ മാർച്ചിൽ സംസ്ഥാനങ്ങൾക്കു വലിയ ചെലവാണുള്ളത്. കഴിഞ്ഞവർഷം മാർച്ചിലെ കേരളത്തിന്റെ ട്രഷറി ചെലവ് 22,000 കോടിയോളം രൂപയാണ്. ഈ സാഹചര്യം മുതലെടുക്കാനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ നടത്തുന്നത്. ആളെ ബന്ദിയാക്കി കരാർ ഒപ്പിടീക്കുന്ന കവലച്ചട്ടമ്പിയുടെ രീതിയാണിത്.
ഭരണഘടനാപരമായ സംസ്ഥാനത്തിന്റെയും യൂണിയൻ സർക്കാരിന്റെയും അവകാശം സംരക്ഷിക്കുന്ന നിലപാടായിരിക്കും കോടതി സ്വീകരിക്കുക എന്നതുതന്നെയാണ് കേരള സർക്കാരിന്റെ പ്രതീക്ഷ. ഭരണഘടനയനുസരിച്ച് കോടതിയിലൂടെയുള്ള ഒരു തർക്കപരിഹാരം ആവശ്യപ്പെടുമ്പോൾ, അതു പാടില്ലെന്നാണു കേന്ദ്രസർക്കാർ പറയുന്നത്.
നിയമനടപടിയുമായി മുന്നോട്ടുപോയാൽ സംസ്ഥാനത്തിന്റെ ആശുപത്രികളിലെ മരുന്നും സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണവും മുടക്കുമെന്നും നാടിന്റെ ദൈനംദിന ആവശ്യങ്ങൾക്കുള്ള പണം തരില്ലെന്നും പറയുന്നതു കേരളത്തോടുള്ള വെല്ലുവിളിയാണ്. അർഹതപ്പെട്ടതു ലഭിക്കണമെങ്കിൽ നിങ്ങൾ ഒരു അഭിപ്രായവും പറയാൻ പാടില്ലെന്ന നിലപാട് സ്വീകരിക്കുന്ന പഴയകാല മുതലാളിമാരുടെ നിലവാരത്തിലേക്കു കേന്ദ്രസർക്കാർ താഴ്ന്നിരിക്കുകയാണ്. ജനാധിപത്യപരമായും നിയമപരമായും സംസാരിക്കാൻ പാടില്ലെന്നു പറയുന്നതിനെ ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. കിട്ടുന്നതുവാങ്ങി നിശബ്ദരായി ഇരിക്കാൻ പറഞ്ഞാൽ അതിനു കേരളത്തെ കിട്ടില്ല.
അർഹതപ്പെട്ട പണം ലഭിക്കേണ്ടതു കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും പ്രശ്നമാണ്. ഒപ്പം ഇന്ത്യയിലെ മുഴുവൻ ജനങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കാനുള്ള പ്രയത്നവുമാണെന്നും കെ.എൻ. ബാലഗോപാൽ പറഞ്ഞു.