മൂന്നാം സീറ്റില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ലീഗ്
Sunday, February 25, 2024 1:01 AM IST
കോഴിക്കോട്: പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്നാം സീറ്റിനായി മുസ് ലിം ലീഗ് പിടിമുറുക്കുന്നു. ഇന്നു കോണ്‍ഗ്രസ് നേതൃത്വവുമായി നടത്തുന്ന ചര്‍ച്ചയിലാണ് ലീഗിന്റെ പ്രതീക്ഷ. അര്‍ഹതയുള്ള മൂന്നാം സീറ്റ് നിര്‍ബന്ധമായും കിട്ടണമെന്ന നിലപാടില്‍ ലീഗ് ഉറച്ചുനില്‍ക്കുകയാണ്.
സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഗള്‍ഫ് പര്യടനത്തിലാണ്. നാളെകഴിഞ്ഞേ അദ്ദേഹം മലപ്പുറത്ത് തിരിച്ചെത്തൂ. പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി, കെ.പി.എ. മജീദ്, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ. സലാം എന്നിവരാണ് ചര്‍ച്ചയില്‍ സംബന്ധിക്കുക. ആദ്യചര്‍ച്ചയില്‍ മൂന്നാം സീറ്റിന്റെ കാര്യം ശക്തമായി വാദിക്കുന്നതില്‍ പാര്‍ട്ടിക്കു വീഴ്ച പറ്റിയതായി അണികള്‍ക്കിടയില്‍ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
ലീഗിന്റെ ശക്തിയനുസരിച്ച് ഒരു സീറ്റിനുകൂടി അവകാശമുണ്ടായിട്ടും നേതാക്കള്‍ വേണ്ടത്ര താത്പര്യമെടുത്തില്ലെന്നാണ് വിമര്‍ശനം. കടുത്ത സമ്മര്‍ദമാണ് അണികള്‍ നേതാക്കളില്‍ ചെലുത്തുന്നത്. അതുകൊണ്ടുതന്നെ മൂന്നാംസീറ്റ് ലീഗിന് അഭിമാനപ്രശ്നമായിരിക്കുകയാണ്.
സീറ്റ് നല്കുന്നില്ലെങ്കില് കടുത്ത നിലപാടിലേക്ക് ലീഗ് നീങ്ങുമെന്ന് സൂചനയുണ്ട്. ഉഭയകക്ഷി ചര്‍ച്ച കഴിഞ്ഞശേഷം പാണക്കാട് തങ്ങള്‍ പങ്കെടുക്കുന്ന നേതൃയോഗമായിരിക്കും ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യുക.
മൂന്നാം സീറ്റിനു പുറമേ രാജ്യസഭാ സീറ്റും ലീഗ് ആവശ്യപ്പെട്ടിരുന്നു. ഇതു കിട്ടിയാല്‍ പ്രശ്നത്തിനു പരിഹാരമാകുമെന്നാണ് കരുതിയിരുന്നത്. എന്നാൽ, കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ യാതൊരു ഉറപ്പും ലീഗിന് നല്‍കിയിട്ടില്ല. ഇതോടെയാണ് മൂന്നാം സീറ്റില്‍ ഉറച്ചുനില്ക്കാന് ലീഗ് തീരുമാനിച്ചിട്ടുള്ളത്.
രാഹുല്‍ വയനാട്ടില്‍ മത്സരിക്കുകയാണെങ്കില്‍ കോഴിക്കോടോ വടകരയോ കണ്ണൂരോ കിട്ടണമെന്നാണ് ലീഗിന്റെ ആവശ്യം. ഇവ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകളാണ്. കോണ്‍ഗ്രസ് സീറ്റ് വിട്ടുകൊടുക്കാന്‍ സാധ്യത കുറവാണ്.
അതുകൊണ്ടുതന്നെ ഇന്നത്തെ ചര്‍ച്ച കോണ്‍ഗ്രസിനും ലീഗിനും നിര്‍ണായകമായിരിക്കും. അതേസമയം ഇന്നത്തെ ചര്‍ച്ചയില്‍ തീരുമാനമുണ്ടാകുമെന്നും യുഡിഎഫിന്റെ കെട്ടുറപ്പിനെ അതു ബാധിക്കില്ലെന്നും കെ.മുരളീധരന് എംപി കോഴിക്കോട്ട് പറഞ്ഞു.
ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമാകുമെന്നാണ് പ്രതീക്ഷയെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാമും മാധ്യമങ്ങളോടു പറഞ്ഞു. തീരുമാനം നീട്ടിക്കൊണ്ടുപോകരുത്. ലീഗ് രാജ്യസഭാ സീറ്റ് ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.