വിസിയോടു പ്രതിഷേധം; കാർഷിക സർവകലാശാലാ ബിരുദദാന ചടങ്ങ് ബഹിഷ്കരിച്ചു
Thursday, May 30, 2024 12:48 AM IST
തൃശൂർ: വൈസ് ചാൻസലറുടെ അധികാര ദുർവിനിയോഗത്തിലും ഏകാധിപത്യ പ്രവണതകളിലും പ്രതിഷേധിച്ച് കാർഷിക സർവകലാശാലാ ബിരുദദാന ചടങ്ങ് ബഹിഷ്കരിച്ചതായി ജനറൽ കൗണ്‍സിലിലെയും അക്കാദമിക് കൗണ്‍സിലിലെയും സിപിഎം അനുകൂല പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബിരുദദാന ചടങ്ങ് സർവകലാശാലയുടെ ഉന്നതാധികാരസമിതിയായ ജനറൽ കൗണ്‍സിലിന്റെ അംഗീകാരമില്ലാതെയാണു വൈസ് ചാൻസലർ ഇന്നലെ നടത്തിയത്.
ചട്ടപ്രകാരം ജനറൽ കൗണ്‍സിലിന്റെ അനുമതി വാങ്ങിയിട്ടേ ബിരുദദാന നടപടികളിലേക്കു കടക്കാനാവൂ. ഇതു മറികടന്ന വിസിയുടെ നടപടി ജനാധിപത്യവിരുദ്ധതയാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതിനാലാണു ജനറൽ കൗണ്‍സിലിന്റെ അംഗീകാരം വാങ്ങാൻ കഴിയാതിരുന്നതെന്ന വിസിയുടെ വാദം അവാസ്തവമാണ്.
ബിരുദദാന ചടങ്ങ് സർവകലാശാലാ ആസ്ഥാനമായ തൃശൂരിലെ വെള്ളാനിക്കരയിൽവച്ചാണ് നടത്താറുള്ളത്. ഇക്കുറി വേദി തിരുവനന്തപുരം വെള്ളായണിയിലേക്കു മാറ്റിയെന്നും ഇവർ ആരോപിച്ചു.
ജനറൽ കൗണ്‍സിൽ അംഗങ്ങളായ ഡോ. പി.കെ. സുരേഷ്കുമാർ, എൻ. കൃഷ്ണദാസ്, എസ്. സന്പത്ത്, അക്കാദമി കൗണ്‍സിൽ അംഗം ഡോ. ബിനു എൻ. കാമലോത്ഭവൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.