രാജ്യസഭാ സീറ്റ് ; സിപിഐക്കോ കേരള കോണ്ഗ്രസ് -എമ്മിനോ ?
Thursday, May 30, 2024 2:06 AM IST
തിരുവനന്തപുരം: രാജ്യസഭ തെരഞ്ഞെടുപ്പു വിജ്ഞാപനം വന്ന സാഹചര്യത്തിൽ ഇടതുമുന്നണിയുടെ രണ്ടു സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ സംബന്ധിച്ചു ചർച്ച തുടങ്ങി. ഒരു സീറ്റ് സിപിഎമ്മിനാണ്. ഈ സീറ്റിലേക്കുള്ള സ്ഥാനാർഥിയെ സംബന്ധിച്ചു സിപിഎമ്മിലും പ്രാഥമിക വിലയിരുത്തൽ തുടങ്ങി.
രണ്ടാമത്തെ സീറ്റിനായി സിപിഐയും കേരള കോണ്ഗ്രസ്-എമ്മും രംഗത്തുണ്ട്. സിപിഐക്കു സീറ്റ് നൽകാനാണു സിപിഎമ്മിനു താത്പര്യം. എന്നാൽ കേരള കോണ്ഗ്രസ്-എമ്മിനെ പിണക്കാനും കഴിയില്ല. ഇങ്ങനെയൊരു വിഷമവൃത്തത്തിലാണു സിപിഎം.
ലോക്സഭാ തെരഞ്ഞെടുപ്പു ഫലം വന്ന ശേഷമേ രാജ്യസഭാ സ്ഥാനാർഥികളെ സംബന്ധിച്ച് ഇടതുമുന്നണി തീരുമാനമെടുക്കൂ. എന്നാൽ അതിനു മുന്പായി സിപിഐ, കേരള കോണ്ഗ്രസ്-എം നേതൃത്വവുമായി സിപിഎം ഉഭയകകക്ഷി ചർച്ച നടത്തും.
കഴിഞ്ഞ ദിവസം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സീറ്റിനെ സംബന്ധിച്ചു ചർച്ച നടത്തി. ലോക്സഭ തെരഞ്ഞെടുപ്പു ഫലം ചർച്ച ചെയ്യാനായി അടുത്ത മാസം അഞ്ചിനോ ആറിനോ ഇടതുമുന്നണി യോഗം ചേരും.
ആ യോഗത്തിൽത്തന്നെ രണ്ടു സീറ്റിലേക്കുമുള്ള സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണു സാധ്യത. സിപിഎം സ്ഥാനാർഥിയായി പാർട്ടി പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയെ പരിഗണിക്കാൻ സാധ്യതയുണ്ട്.
ബേബിയെ സ്ഥാനാർഥിയാക്കി രാജ്യസഭയിൽ എത്തിക്കാൻ സിപിഎം കേന്ദ്ര നേതൃത്വത്തിനു താത്പര്യമുണ്ട്. സിപിഐക്കാണു രണ്ടാമത്തെ സീറ്റെങ്കിൽ സത്യൻ മൊകേരിയേയോ പ്രകാശ് ബാബുവിനെയോ പരിഗണിക്കാനാണു സാധ്യത.
സീറ്റ് കാര്യത്തിൽ കേരള കോണ്ഗ്രസ്-എമ്മിനെ അനുനയിപ്പിക്കാനുള്ള ശ്രമം സിപിഎം തുടങ്ങി. ജോസ് കെ. മാണിയുമായി ഇന്നോ നാളെയോ ചർച്ച നടത്താനാണു സിപിഎം ധാരണ.