കൊലക്കേസ് പ്രതികളെ പാർട്ടിയിലെടുത്തത് ജീർണതയുടെ തെളിവ്: സതീശൻ
Sunday, July 14, 2024 12:51 AM IST
തിരുവനന്തപുരം: എസ്എഫ്ഐക്കാരെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികളെ രക്തഹാരം അണിയിച്ചു സ്വീകരിച്ചതും ’നിലപാട്’ ആണോയെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
പത്തനംതിട്ടയിൽ ആരോഗ്യവകുപ്പു മന്ത്രിയുടെ നേതൃത്വത്തിൽ പാർട്ടിയിലേക്ക് സ്വീകരിച്ചവരിൽ എസ്എഫ്ഐക്കാരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളും ഉൾപ്പെട്ടിട്ടുണ്ടെന്നത് സിപിഎമ്മിനെ ബാധിച്ചിരിക്കുന്ന ജീർണത എത്രത്തോളമാണെന്നു വ്യക്തമാക്കുന്നതാണ്.
ആരോഗ്യമന്ത്രിയും പത്തനംതിട്ട ജില്ലാ സെക്രട്ടറിയും പാർട്ടിയിലേക്ക് രക്തഹാരം അണിയിച്ച് സ്വീകരിച്ച ക്രിമിലുകളിൽ ഒരാൾ കാപ്പക്കേസ് പ്രതിയാണ്. മറ്റൊരാൾ പിന്നീടു കഞ്ചാവുമായി പിടിക്കപ്പെട്ടു.
കാപ്പ കേസിലെ പ്രതി ഉൾപ്പെടെയുള്ള ക്രിമിനലുകളെ വെള്ളപൂശുന്ന നിലപാടാണ് മന്ത്രിയും നിയമസഭയിൽ സ്വീകരിച്ചത്. കാപ്പ കേസ് പ്രതിയും അയാൾക്കൊപ്പം സിപിഎമ്മിൽ ചേർന്ന മറ്റൊരാളുമാണ് എസ്എഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. മന്ത്രിക്കും സിപിഎമ്മിനും ഇനി എന്ത് പറയാനുണ്ടെന്നു സതീശൻ ചോദിച്ചു.