ഐഎഎസ് പരസ്യപ്പോര് വീണ്ടും; ഗൂഢാലോചന ആരോപണവുമായി പ്രശാന്ത്
Wednesday, December 11, 2024 1:23 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിലെ പരസ്യ പ്പോര് വീണ്ടും രൂക്ഷമാകുന്നു. തന്നെ കുടുക്കാൻ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥർ വ്യാജ പരാതി ചമച്ച് ഗൂഢാലോചന നടത്തിയെന്ന ഗുരുതര ആരോപണവുമായി സസ്പെൻഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥൻ എൻ. പ്രശാന്ത് രംഗത്തെത്തി.
എൻ. പ്രശാന്തിനെതിരേ, സസ്പെൻഷനിലുള്ള മറ്റൊരു ഐഎഎസ് ഉദ്യോഗസ്ഥനായ കെ. ഗോപാലകൃഷ്ണൻ വ്യാജ പരാതി തയാറാക്കി അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലകിനു നൽകിയെന്ന ആരോപണമാണ് ഉന്നയിച്ചത്.
എസ്സി, എസ്ടി വകുപ്പിനു കീഴിലുള്ള ഉന്നതിയുമായി ബന്ധപ്പെട്ട ഫയലുകൾ കിട്ടിയിട്ടും അതു മറച്ചുവച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് വ്യാജ പരാതി നൽകുകയായിരുന്നു കെ. ഗോപാലകൃഷ്ണൻ ചെയ്തതതെന്നാണു പ്രശാന്തിന്റെ ആരോപണം.
മേയ് മാസത്തിൽത്തന്നെ ഗോപാലകൃഷ്ണൻ എല്ലാ ഫയലുകളും കൈപ്പറ്റിയതായി സർക്കാർ രേഖയുണ്ട്. എന്നാൽ, ജൂണ്, ജൂലൈ, മാസങ്ങളിലായി ഉന്നതിയുടെ ഫയലുകൾ കിട്ടിയില്ല എന്നാണ് രണ്ട് കത്തുകൾ നൽകിയത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ജയതിലക് പ്രശാന്തിനെതിരേ റിപ്പോർട്ട് തയാറാക്കിയത്. എന്നാൽ ഇ-ഓഫീസ് രേഖകൾ പരിശോധിക്കുന്പോൾ മനസിലാവുന്നത്, രണ്ടു കത്തുകളും പഴയ തീയതികളിൽ വ്യാജമായി സൃഷ്ടിച്ചതാണെന്നാണ്.
വ്യാജ തീയതിയിലെ കത്തുകൾ സൃഷ്ടിച്ചത് ഓഗസ്റ്റിലാണ്. അതും ജയതിലകിന്റെ ഓഫീസിൽ വച്ചാണെന്നുള്ള ഗുരുതര ആരോപണമാണ് സോഷ്യൽ മീഡിയയിലൂടെ ഉന്നയിച്ച് പ്രശാന്ത് രംഗത്തെത്തിയത്.
സസ്പെൻഷനു ശേഷം ഉന്നത ഐഎഎസ് ഉദ്യോഗസ്ഥനെ വിമർശിച്ചതിന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, പ്രശാന്തിനു കുറ്റാരോപണ മെമ്മോ നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും വിമർശനം.