ലഹരിവിരുദ്ധ ബോധവത്കരണപരിപാടികളുമായി വൈഎംസിഎ
Thursday, March 27, 2025 2:49 AM IST
ആലുവ: സംസ്ഥാനത്തെ 1000 കേന്ദ്രങ്ങളിൽ ലഹരിവിരുദ്ധ ബോധവത്കരണവുമായി വൈഎംസിഎ കേരള റീജൺ. 2025-27 വർഷത്തെ റീജൺ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള 29ന് രാവിലെ 11ന് ആലുവ ക്യാമ്പ് സെന്ററിൽ നിർവഹിക്കും.
യുഹാനോൻ മാർ പോളികാർപസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തും. റീജൺ ചെയർമാൻ പ്രഫ. അലക്സ് തോമസ് അധ്യക്ഷത വഹിക്കും. വൈഎംസിഎ മുൻ ദേശീയ പ്രസിഡന്റ് റിട്ട. ജസ്റ്റീസ് ജെ.ബി. കോശി, റെജി ജോർജ്, എൻ.വി. എൽദോ എന്നിവർ പ്രസംഗിക്കും.
കേരളത്തിലെ സ്കൂൾ, കോളജ് കാമ്പസുകളിലും പൊതുസ്ഥലങ്ങളിലുമാണ് 1000 ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
കേരള റീജൺ സപ്തതിയുടെ ഭാഗമായി പുതിയ മന്ദിരനിർമാണവും നടപ്പാക്കും. തുമ്പമണ്ണിലെ പി.ഒ. ഫിലിപ്പ് ഇന്റർനാഷണൽ യൂത്ത് സെന്ററിൽ ദേശീയ വൈഎംസിഎയുടെ സഹകരണത്തോടെ യൂത്ത് കൗൺസലിംഗ് സെന്റർ ആരംഭിക്കും.
ഡയാലിസിസ് സഹായത യോജനയുടെ ഭാഗമായി 10000 സൗജന്യ ഡയാലിസിസുകൾ രണ്ടു വർഷത്തിനുള്ളിൽ കേരളത്തിൽ നടപ്പിലാക്കും. ഇതര സംസ്ഥാന തൊഴിലാളികളുടെ സംസ്ഥാനതല കലാമേള ആലുവയിൽ നടത്തും.
ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കുന്ന കേരളത്തിലെ വൈഎംസിഎകൾക്ക് അവാർഡ്, മൂല്യാധിഷ്ഠിത വാർത്തകൾ നൽകുന്ന പത്രപ്രവർത്തകർക്ക് അവാർഡ്, എക്യുമെനിക്കൽ രംഗത്ത് മികവ് പുലർത്തുന്ന വൈഎംസിഎകളെ ആദരിക്കൽ എന്നിവ ദ്വൈവാർഷിക പരിപാടികളാണെന്ന് ഭാരവാഹികൾ അറിയിച്ചു.