വിഴിഞ്ഞത്തിൽ വഴങ്ങി സർക്കാർ
Thursday, March 27, 2025 2:49 AM IST
തിരുവനന്തപുരം: കേന്ദ്രസർക്കാർ ഒട്ടേറെ നിബന്ധനയോടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്കായി അനുവദിക്കുന്ന വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) സ്വീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
വിഴിഞ്ഞം തുറമുഖത്തിന്റെ വരുമാനം കേന്ദ്രത്തിനും പങ്കുവയ്ക്കണമെന്നതടക്കമുള്ള വയബിലിറ്റി ഫണ്ട് ഗ്യാപ് നിബന്ധന അംഗീകരിച്ചുകൊണ്ട് കേന്ദ്രസർക്കാർ വിഹിതമായ 817.80 കോടി രൂപ സ്വീകരിക്കാനാണു തീരുമാനം.
ഏറെ എതിർപ്പുകൾക്കൊടുവിൽ വയബിലിറ്റി ഫണ്ട് ഗ്യാപ് സ്വീകരിക്കാൻ കേരളം തീരുമാനിച്ച വിവരം കേന്ദ്രത്തെ അറിയിക്കുന്നതോടെ നടപടിക്രമങ്ങൾ എളുപ്പമാകും.
നിബന്ധനകൾ പ്രകാരമുള്ള കേന്ദ്ര വിജിഎഫ് ഒഴിവാക്കി കേന്ദ്രത്തിന്റെതന്നെ കാപ്പക്സ് വായ്പയിലൂടെ തുക കണ്ടെത്താമെന്നായിരുന്നു ധനമന്ത്രിയുടെ നിർദേശം. കാപ്പക്സ് വായ്പയുടെ പലിശ 50 വർഷത്തിനു ശേഷം അടച്ചാൽ മതിയാകും.
തുറമുഖത്തുനിന്നു സംസ്ഥാനത്തിനു ലഭിക്കുന്ന വരുമാനത്തിന്റെ 20% കേന്ദ്രവുമായി പങ്കുവയ്ക്കണമെന്നാണു വിജിഎഫ് നിബന്ധന. ഇത് അംഗീകരിച്ചാൽ 12,000 കോടിയോളം രൂപ സംസ്ഥാനം കേന്ദ്രത്തിനു തിരിച്ചടയ്ക്കേണ്ടിവരും. പണം നൽകുന്നത് അദാനിക്കാണെങ്കിലും തിരിച്ചടവിനു സംസ്ഥാനം കേന്ദ്രവുമായി കരാർ ഒപ്പിടുകയും വേണം.
സംസ്ഥാന സർക്കാർ നെറ്റ് പ്രസന്റ് വാല്യു വ്യവസ്ഥയിൽ തുക തിരിച്ചടയ്ക്കണമെന്നും കേന്ദ്രസർക്കാർ നിഷ്കർഷിച്ചിട്ടുണ്ട്. ഇതൊഴിവാക്കാനാണ് കാപ്പക്സ് വായ്പയിൽനിന്ന് വിജിഎഫ് നൽകാനുള്ള നീക്കം.
നേരത്തേ നബാർഡ് വായ്പയിൽനിന്ന് തുക കണ്ടെത്താനും ശ്രമം നടന്നിരുന്നു. കരാർ ഒപ്പിടുന്നതോടെ തുറമുഖത്തിന്റെ രണ്ടാംഘട്ട ഉദ്ഘാടനത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യമന്ത്രി ക്ഷണിക്കും. പ്രധാനമന്ത്രി എത്താനാണു സാധ്യത.