ജവഹർ നഗർ വസ്തുതട്ടിപ്പ്; മണികണ്ഠന്റെ സഹോദരന്റെ വീട്ടിൽ പരിശോധന
1577869
Tuesday, July 22, 2025 2:17 AM IST
പേരൂർക്കട: ജവഹർ നഗറിലെ വസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട നിലവിലെ പ്രധാന പ്രതിയായ അനന്തപുരി മണികണ്ഠന്റെ സഹോദരന്റെ വീട്ടിൽ പോലീസ് പരിശോധന നടത്തി. ഇദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വസതിയിലാണ് മ്യൂസിയം പോലീസ് ഇന്നലെ എത്തിയത്.
ജവഹർ നഗറിലെ വസ്തു ഉടമ ഡോറ അസറിയ ക്രിപ്സിന്റെ വസ്തു തട്ടിയെടുത്തതുമായി ബന്ധപ്പെട്ട ഏതെങ്കിലും വിധത്തിലുള്ള രേഖകൾ ഇവിടെയുണ്ടോ എന്നറിയാനാണ് പോലീസ് എത്തിയത്.
വസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകൾ തയാറാക്കി നൽകിയത് ആധാരം എഴുത്തുകാരൻ കൂടിയായ അനന്തപുരി മണികണ്ഠനാണ്. വഞ്ചിയൂർ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതോടെ ഇയാൾ ഒളിവിൽ കഴിഞ്ഞു വരികയാണ്. സഹോദരന്റെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകൾ ഒന്നും ഇവിടെ കണ്ടെത്താൻ സാധിച്ചില്ല എന്നാണ് സൂചന. അനന്തപുരി മണികണ്ഠന്റെ പിന്നിൽ ഉന്നതരുടെ ഇടപെടലുകൾ ഉണ്ടെന്നും ഇയാളെ പിടികൂടിയാൽ മാത്രമേ സംഭവത്തിന്റെ പൂർണ ചിത്രം വെളിവാകുകയുള്ളൂ എന്നും പോലീസ് അറിയിച്ചു.