മത്സ്യബന്ധനത്തിന് ഭീഷണിയായി 'തക്കാളി ഞണ്ടുകൾ'
1577870
Tuesday, July 22, 2025 2:17 AM IST
വിഴിഞ്ഞം: മത്സ്യത്തൊഴിലാളികൾക്കു ഭീഷണിയായി ചുവപ്പൻ ഞണ്ടുകൾ (തക്കാളി ഞണ്ടുകൾ). കഴിഞ്ഞ ദിവസം മത്സ്യബന്ധനത്തിനുപോയ നിരവധി വള്ളങ്ങളിലെ മത്സ്യങ്ങളെയാണ് തക്കാളി ഞണ്ടുകൾ കടിച്ചു കേടാക്കിയത്. കൂടാതെ വലകളും കടിച്ചു മുറിച്ചതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ഇന്നലെ ചെറു ചൂര മത്സ്യത്തിനായി വല വിരിച്ചവർക്കാണ് ഞണ്ടുകൾ ഭീഷണിയായത്.
ഞണ്ടു കടിച്ചു കേടുവന്ന മത്സ്യങ്ങൾ കച്ചവടക്കാർ എടുക്കാതെ വന്നതോടെ വിലയിടിഞ്ഞു. ഈ മീനുകൾ കുറഞ്ഞ വിലയ്ക്ക് തീരത്ത് എത്തിയവർ വാങ്ങുകയായിരുന്നു. മത്സ്യബന്ധന സീസണായതിനാൽ തന്നെ തമിഴ്നാട് ഉൾപ്പെടെയുള്ള സ്ഥലത്തെ തൊഴിലാളികൾ ഇവിടെ നിന്നാണ് മത്സ്യബന്ധനത്തിനു പോകുന്നത്.
സാധാരണ കടലിൽ പാറകളിൽ പറ്റിപ്പിടിച്ചു കാണുന്ന ചുവപ്പൻ ഞണ്ടുകൾ കടലിന്റെ ഒഴുക്കനുസരിച്ചു കൂട്ടത്തോടെ സഞ്ചരിക്കുമ്പോഴാണു വലയിൽ കുടുങ്ങുന്നതെന്നു തൊഴിലാളികൾ പറയുന്നു.ഇതിനോടൊപ്പം കയറുന്ന മ ത്സ്യങ്ങളെ ഞണ്ടുകൾ ഭക്ഷിക്കാറുണ്ട്.ചെറിയ കണ്ണികളുള്ള വലയിൽ പറ്റിപ്പിടിച്ചാൽ ഇവ നീക്കം ചെയ്യാൻ മണികൂറുകൾ വേണ്ടിവരും. വലയ്ക്കു കേടുപാടുകളും ഉണ്ടാകും. ഈ ഞണ്ടുകൾക്കു രുചിയില്ലാത്തതും മാംസം വളരെ കുറവായതിനാലും ആരും ഭക്ഷണത്തിനായി ഉപയോഗിക്കാറില്ല.