അസ്തമിച്ചു, ചെന്താരകം
1577889
Tuesday, July 22, 2025 2:26 AM IST
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഒരു വ്യാഴവട്ടക്കാലം സെക്രട്ടറിയായിയായി പാർട്ടിയെ നയിച്ച അതേ എകെജി സെന്ററിൽ വിഎസ് ഒരിക്കൽകൂടി എത്തി. ഇനി ഒരു തിരിച്ചുവരവ് വേണ്ടാത്ത വരവ്. അവിടെകൂടിയിരുന്ന ആയിരങ്ങളുടെ ഭാവത്തിനു സമാനമായി മൂടിക്കെട്ടിയിരുന്ന അന്തരീക്ഷം പെയ് തൊഴിയാതെ കനത്തുനിന്നു.
ചേതനയറ്റ വിഎസിന്റെ ഭൗതികശരീരം വൈകുന്നേരം 5.30 ന് എത്തിക്കുമെന്ന വാർത്ത പുറത്തുവന്നതോടെ എകെജി പഠനഗവേഷണ കേന്ദ്രത്തിനു മുൻപിലേക്ക് ഒഴുകിയെത്തിയ ആയിരങ്ങളുടെ വൈവിധ്യം ഒന്നുമതി എന്തായിരുന്നു വിഎസ് എന്ന് തിരിച്ചറിയാൻ. സെക്രട്ടേറിയറ്റിലെ ഓഫീസിൽനിന്നു ജോലി കഴിഞ്ഞിറങ്ങിയ ഉന്നത ഉദ്യോഗസ്ഥർ മുതൽ പാളയം മാർക്കറ്റിലെ കയറ്റിറക്കു തൊഴിലാളികളും മാധ്യമ പ്രവർത്തകരുടെ വൻപടയും പരിസരത്തെ ജനസാഗരമാക്കി.

നിയന്ത്രണവിധേയമാക്കാനാകില്ലെന്നു തിരിച്ചറിഞ്ഞ പോലീസ് കേരളയൂണിവേഴ്സിറ്റിക്കു മുൻപിലും ജനറൽ ആശുപത്രിക്കുമുൻപിലും ബാരിക്കേഡുയർത്തി ജനങ്ങളുടെ ഒഴുക്കു തടയാൻ ശ്രമം തുടങ്ങി. പിന്നീട് എല്ലാ തടസങ്ങളെയും ഭേദിച്ച് വിഎസിനെ അവസാനനോക്കുകാണാൻ ഒഴുകിയെത്തിയവർക്കുമുൻപിൽ എല്ലാ തടസങ്ങളും വഴിമാറി. വിഐപികളും സാധാരണക്കാരും തോളോടുതോൾ ചേർന്നു വിഎസിനെ കണ്ടു. കൂട്ടംകൂട്ടമായി എകെജി സെന്ററിലെത്തിയ പാർട്ടി പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് വിഎസിനെ അഭിവാദ്യമർപ്പിച്ചു.
അഭിവാദ്യമർപ്പിക്കാനെത്തിയ ഒരോരുത്തരും തങ്ങൾക്കു വിഎസിനെകുറിച്ച് പറയാനുള്ളത് പറയാൻ ഓൺലൈൻ ചാനൽ മാധ്യമങ്ങളുടെ മൈക്കിനു മുൻപിൽ തിരക്കുകൂട്ടി. മറ്റു ചിലർ ആൾക്കൂട്ടത്തിനിടയിൽനിന്നു കണ്ണുനീർ വാർത്തു. മറ്റൊരുകൂട്ടർ ഇടിച്ചു കയറാനോ ബഹളം വയ്ക്കാനോ കൂട്ടാക്കാതെ നിന്നിടത്തുതന്നെ ആൾക്കൂട്ടത്തിൽ തനിയെ എന്ന ഭാവത്തിൽ നിലയുറപ്പിച്ചു. പുഷ്പചക്രവുമായി അന്ത്യോപചാരമർപ്പിക്കാനെത്തിയ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികൾ അതുമായി മണിക്കൂറുകളോളം വരിയിൽ തുടർന്നു.
തിക്കും തിരക്കും മൊബൈൽ ഫോണുകളിൽ പകർത്തിയവർ അവ സമൂഹമാധ്യമങ്ങളിൽ ഇടതടവില്ലാതെ അപ്ഡേറ്റുകളാക്കി. കെട്ടിടങ്ങളുടെ ബാൽക്കണികളിലും മുകളിലും നിലയുറപ്പിച്ചവർ മണിക്കൂറുകളോളം അവിടെതന്നെ തുടർന്നു. ഇതാകട്ടെ പിന്നീടെത്തിയവർക്ക് തടസവുമായി. അങ്ങോട്ടും ഇങ്ങോട്ടുമില്ലാതെ വിഎസിനെ മനസിലേറ്റിയവർ എകെജി സെന്ററിന്റെ പരിസരത്തെ അക്ഷരാർഥത്തിൽ ഒരു കോട്ടയാക്കി. മണിക്കൂറുകളോളം ആ കോട്ട ഇളകാതെ തുടർന്നു. രാത്രി വൈകിയും ഒരു പോറലുമേറ്റില്ല.
പൊതുദര്‍ശനം ദര്‍ബാര്‍ ഹാളില്‍ രാവിലെ ഒന്‍പതു മുതല്‍
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മൃതദേഹം ഇന്നു രാവിലെ ഒന്‍പതു മുതല്‍ സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. സെക്രട്ടേറിയറ്റു കാമ്പസില്‍ മന്ത്രിമാര്‍, എംഎല്‍എ, എംപിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ വാഹനങ്ങള്‍ക്കു മാത്രമായിരിക്കും പ്രവേശനം.
മറ്റു വാഹനങ്ങളും സെക്രട്ടേറിയറ്റു ജീവനക്കാരുടെ ഉള്‍പ്പെടെയുള്ള സ്വകാര്യ വാഹനങ്ങളും സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പാര്‍ക്കു ചെയ്യണം. പൊതുജനങ്ങള്‍ക്ക് സെക്രട്ടേറിയറ്റ് ക്യാമ്പസിലേക്ക് നോര്‍ത്ത് ഗേറ്റ്, ട്രഷറി ഗേറ്റുകള്‍ വഴിയാണ് പ്രവേശനം. അന്തിമോപചാരം അര്‍പ്പിച്ച ശേഷം പൊതുജനങ്ങള്‍ വൈഎംസിഎ ഗേറ്റ് വഴിയാണ് പുറത്തു പോകേണ്ടത്. സെക്രട്ടേറിയറ്റ് വളപ്പിലും സെക്രട്ടേറിയറ്റിനു ചുറ്റുമുള്ള നിരത്തുകളിലും പാര്‍ക്കിംഗ് അനുവദിക്കില്ല.