മരം അപകട ഭീഷണിയാകുന്നു
1577883
Tuesday, July 22, 2025 2:26 AM IST
നെടുമങ്ങാട്: ആര്യനാട് പഞ്ചായത്തിലെ കാനക്കുഴി കുരുവിയോട് ജംഗ്ഷനിലെ ഉണങ്ങിയ കൂറ്റൻ ബദാം മരം യാത്രക്കാർക്ക് അപകടഭീഷണിയുയർത്തുന്നു. ഏതു നിമിഷവും കെഎസ്ഇബി പോസ്റ്റിലേക്കോ റോഡിലേക്കോ മറിഞ്ഞു വീഴാവുന്ന അവസ്ഥയിലാണു മരം നിൽക്കുന്നത്.
നിരവധി തവണ പരാതികൾ നൽകിയെങ്കിലും പഞ്ചായത്തും കെഎസ്ഇബിയും നടപടി സ്വീകരിച്ചില്ലെന്നു നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം നെടുമങ്ങാട് പനയമുട്ടത്ത് ഉണങ്ങിയ മരം പോസ്റ്റിലേക്കു വീണ് വൈദ്യുത കമ്പിയിൽ തട്ടി വിദ്യാർഥി മരിച്ചത് നാട്ടുകാർക്ക് ആവലാതി കൂടിയിരിക്കുകയാണ്.
നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. കൂടാതെ നിരവധി സ്കൂൾ വിദ്യാർഥികൾ കാൽ നടയായി പോകുന്ന പ്രധാന പാതയാണിത്. എത്രയും വേഗത്തിൽ മരം മുറിച്ച് മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.