വെള്ളറട ഡിപ്പോയിൽ ബ്രത്തലൈസർ ചതിച്ചു ; കെഎസ്ആർടിസി ഡ്രൈവർ കുത്തിയിരുന്നു പ്രതിഷേധിച്ചു
1577884
Tuesday, July 22, 2025 2:26 AM IST
വെള്ളറട: ജീവിതത്തില്‍ മദ്യപിക്കാത്ത കെഎസ്ആര്‍ടിസി ജീവനക്കാരനെ പരിശോധിച്ചപ്പോള്‍ മദ്യപാനിയായി കണ്ടെത്തി. വെള്ളറട കെഎസ് ആര്‍ടിസി ഡിപ്പോയില്‍ ഡ്യൂട്ടിക്കെത്തിയ വി. സുനില്‍ എന്ന ഡ്രൈവർക്കാണ് ബ്രത്ത് അലൈസര്‍ പണി കൊടുത്തത്. ജീവിതത്തില്‍ നാളിതുവരെ മദ്യപാനശീലം ഇല്ല എന്നു വാദിക്കുന്ന വ്യക്തിയാണ് മലയങ്കാവ് സ്വദേശിയായ സുനില്‍.
2013 മുതല്‍ കെഎസ്ആര്‍ടിസി ജീവനക്കാരനായി ജില്ലയിലെ വിവിധ ഡിപ്പോകളില്‍ സേവനം അനുഷ്ഠിച്ചു വരുന്നു. കഴിഞ്ഞ ഏഴുമാസമായി വെള്ളറട ഡിപ്പായിലാണ് ജോലി നോക്കുന്നത്.
പതിവുപോലെ രാവിലെ അഞ്ചുമണിക്കു പുറപ്പെടേണ്ട വെള്ളറട കോവിലവിള ബസിന്റെ
ഡ്യൂട്ടിക്ക് എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണു യന്ത്രം വില്ലനായത്. പരിശോധിച്ചപ്പോള്‍ 10 പോയിന്റു കാണിച്ചതോടെ സുനില്‍ ഡ്യൂട്ടിക്ക് അയോഗ്യനായി. താന്‍ ജീവിതത്തില്‍ മദ്യപിച്ചിട്ടില്ലെന്നും, ആരോഗ്യകാരണങ്ങളാല്‍ ഗ്രാമ്പു ഇട്ടു തിളപ്പിച്ച വെള്ളം രാവിലെ കുടിച്ചു എന്നും സുനില്‍ പറയുന്നു. തുടര്‍ന്നു സുനില്‍ വെള്ളറട സ്റ്റേഷനില്‍ പരാതി നല്കി. പോലീസുകാര്‍ പരിശോധിച്ചപ്പോള്‍ അവിടുത്തെ ബ്രത്തലൈസറില്‍ സീറോ കാണിച്ചു. യന്ത്രം ചതിച്ചതു കാരണം വെള്ളറട കോവിലവിള സര്‍വീസും മുടങ്ങി.
കഴിഞ്ഞ ആഴ്ചയില്‍ പൂവ്വാര്‍ ഡിപ്പോയിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു, മാത്രമല്ല ചക്ക കഴിച്ചതിനെ തുടര്‍ന്നു പന്തളം കെഎസ് ആര്‍ടിസി ഡിപ്പോയില്‍ നാലു ജീവനക്കാര്‍ക്കും ഇത്തരം പണി കിട്ടിയിരുന്നു.
തനിക്കുണ്ടായ ദുരനുഭവത്തില്‍ പരിഹാരം കാണാന്‍ മേലധികാരികള്‍ക്ക് പരാതി നല്കാന് ഒരുങ്ങുകയാണ് സുനില്‍ എന്ന 52 കാരന്. ഡ്യൂട്ടി ഓഫീസിനു മുന്നില്‍ ഇരുന്ന് സുനില്‍ പ്രതിഷേധിച്ചു.