പോരാട്ട വീര്യത്തെ മറക്കാതെ വിഴിഞ്ഞം
1577886
Tuesday, July 22, 2025 2:26 AM IST
എസ്. രാജേന്ദ്രകുമാർ
വിഴിഞ്ഞം: വി.എസ്. അച്യുതാനന്ദൻ എന്ന സമര പോരാളിയെ വിഴിഞ്ഞത്തുകാർ ഒരിക്കലും മറക്കില്ല. അന്താരാഷ്ട്ര തുറമുഖം എന്ന വികസന സ്വപ്നം സാക്ഷാത്കരിക്കാൻ എന്തു വിട്ടുവീഴ്ചക്കും തയാറെന്നു കേരള ജനതയ്ക്കു മുന്നിൽ തുറന്നു പറയാൻ കാണി ച്ച ചങ്കൂറ്റമാണ് വിഎസിനെ അന്ന് ജനകീയനാക്കിയത്.
കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് ഒരു കൈതാങ്ങായി വമ്പൻ പാക്കേജ് പ്രഖ്യാപിച്ച് നാട്ടുകാരുടെ ആശങ്കയ്ക്ക് അറുതി വരുത്താൻ കഴിഞ്ഞതും അദ്ദേഹത്തിന്റെ വിശാലമനസ്കത വെളിവാക്കുന്നതായിരുന്നു. പതിറ്റാണ്ടുകളായി നിശബ്ദതയിലാണ്ടുകിടന്ന ഒരു വമ്പൻ പദ്ധതിക്ക് ഊർജവും ശക്തിയും പകർന്നു വെളിച്ചത്ത് കൊണ്ടുവരാൻ വി. എസ്. കാണിച്ച ചങ്കൂറ്റമാണ് പിന്നീട് വന്ന ഉമ്മൻ ചാണ്ടിക്കും പിണറായി വിജയനും അനുഗ്രഹമായത്.
ടെൻഡർ ക്ഷണിച്ചു നിർമാതാക്കളെ കണ്ടെത്തുകയോ അന്തിമ പാരിസ്ഥിതിക അനുമതി കിട്ടുന്നതിനോ മുൻപ് തന്നെ അത്യാവശ്യം ഭൂമി ഏറ്റെടുത്തശേഷം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖമെന്ന കേരളത്തിന്റെ സ്വപ്ന പദ്ധതിക്ക് കാഹളം മുഴക്കിയുള്ള ശിലാസ്ഥാപന കർമം നടത്താനുള്ള തൻ്റേടം കാട്ടാനും വി.എസ്. എന്ന ജനകീയ മുഖ്യമന്ത്രിക്കായി.
പദ്ധതി പ്രദേശത്തിന് തൊട്ടു ചേർന്നുള്ള തോട്ടം നാഗർ ക്ഷേത്രത്തിനു മുന്നിൽ നിർമിച്ച കൂറ്റൻ പന്തലിൽ നിന്നു വൻ ജനാവലിയെ സാക്ഷിയാക്കി അദ്ദേഹം പ്രഖ്യാപിച്ച വമ്പൻ പദ്ധതി ഇന്നു ലോകമറിയുന്ന ഒന്നായി വികസിച്ചു. ജനങ്ങൾക്ക് അന്നു നൽകിയ വാഗ്ദാനം സഫലമായതും ചരക്കുമായി കൂറ്റൻ കണ്ടെയ്നർ കപ്പലുകൾ തുടർച്ചയായി വന്നു പോകുന്നതിന്റെ യെല്ലാം വാർത്തയറിഞ്ഞ സംതൃപ്തിയോടെയാണ് മടക്കം.
നാടിന്റെ വികസനത്തിനായി ഒരു പദ്ധതി വരുമ്പോൾ എല്ലാം നഷ്ടപ്പെടുന്ന ഒരു ജനതക്ക് ആശങ്കകൾ ഉണ്ടാകുമെന്ന് ഉത്തമബോധ്യമുള്ള ആളായിരുന്നു അദ്ദേഹം. സ്വന്തം പാർട്ടിയിലെ ഒരു വിഭാഗത്തിന്റെയും കോൺഗ്രസ് പാർട്ടിയിലെയും പ്രതിഷേധങ്ങൾക്കുചെവി കൊടുക്കാതെ ജനങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകാൻ കഴിഞ്ഞതാണ് അദ്ദേഹത്തിന്റെ വിജയം. കുടിയിറക്കപ്പെടുന്നവർ കണ്ണീരോടെ പടിയിറങ്ങരുതെന്ന നിശ്ചയദാർഡ്യം ജനകീയമുഖ്യമന്ത്രിയായ വി എസിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ജനവികാരം മാനിച്ച് ആകർഷണീയമായ ഒരു പാക്കേജ് പ്രഖ്യാപിക്കാനും അദ്ദേഹം മറന്നില്ല.
ഭൂമിയും വീടും നഷ്ടപ്പെടുന്നവർക്കു മതിയായ നഷ്ടപരിഹാരം, പുതിയ വീടു വയ്ക്കാൻ സർക്കാർ ഏറ്റെടുക്കുന്ന ഭൂമിയിൽ അഞ്ച് സെന്റ് വീതം സൗജന്യമായി നൽകും, വീട് വയക്കാൻ ധനസഹായം എന്നിങ്ങനെയുള്ളവൻ പാക്കേജ് നൽകി ജനത്തെ തൃപ്തിപ്പെടുത്തി. താൻ പറയുന്ന വാക്കുകൾക്കു വിലയുണ്ടെന്ന് അദ്ദേഹം വിഴിഞ്ഞത്തു കാർക്കുമുന്നിൽ തെളിയിച്ചു. ജനകിയ പ്രതിഷേധങ്ങൾക്കോ പരാതികൾക്കോ വക നൽകാതെ കേരളത്തിന്റെ വികസന സ്വപ്നത്തിനു ചിറകുമുളക്കാനുള്ള അവസരം നൽകാൻ വി.എസ്. അച്യുതാനന്ദൻ എന്ന മുഖ്യമന്ത്രിക്കു കഴിയുമെന്നും തെളിയിച്ചു.
സർ സി.പി. രാമസ്വാമി അയ്യർ എന്ന ദിവാന്റെ മനസിലുദിച്ച ആശയം, എം.വി. രാഘവൻ എന്ന മന്ത്രിയുടെ കാലത്തെ സർവെയും കഴിഞ്ഞു നിശബ്ദമായി കിടന്ന തുറമുഖ പദ്ധതി ഇന്നത്തെ തലമുറക്ക് കാണാൻ കഴിയുന്ന തരത്തിൽ ഉണർത്താനായതും വി.എസിന്റെ വിജയ നേട്ടം തന്നെയാണ്. അന്താരാഷ്ട്ര തുറമുഖത്തിന്റെ കവാടം മുല്ലൂർ എന്നുറപ്പിച്ച അദ്ദേഹം മുല്ലൂർ മേഖലയിൽ ഏറ്റെടുത്ത സ്ഥലത്തുകൂടി കടൽക്കരവരെ നീളുന്ന ഒരു റോഡും നിർമിച്ചു. തന്റെ ഭരണം അവസാനിക്കും മുൻപ് മറ്റു നടപടികൾ പൂർത്തിയാക്കി തുറമുഖ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാമെന്ന ആഗ്രഹം മാത്രം അന്ന് നടപ്പായില്ല. വിട പറയുമ്പോഴും അദ്ദേഹത്തിനു ആശ്വസിക്കാം, താൻ ശിലാസ്ഥാപനം നടത്തിയ ഒരു വികസന പദ്ധതി പാഴാകാതെ മുന്നോട്ടു പോയതിൽ.