മടങ്ങിയെത്തുമെന്നു പ്രതീക്ഷിച്ചു; പക്ഷേ...
1577888
Tuesday, July 22, 2025 2:26 AM IST
തിരുവനന്തപുരം: എന്നും വിധിയോടു പോരാട്ടം പ്രഖ്യാപിച്ചിരുന്ന വി.എസ്. അച്യുതാനന്ദന് ആശുപത്രിക്കിടക്കയില്‍ നിന്നും ആരോഗ്യത്തോടെ തിരിച്ചുവരുമെന്നായിരുന്നു അദ്ദേഹത്തെ സ്നേഹിക്കുന്ന ചിലരെങ്കിലും പ്രതീക്ഷിച്ചിരുന്നത്.
എന്നാല്‍ ഇന്നലെ ഉച്ചകഴിഞ്ഞു വിഎസിന്റെ രക്തസമ്മര്‍ദം അസാധാരണമായി കുറഞ്ഞതോടെയാണ് ആ പ്രതീക്ഷകള്‍ക്കു മങ്ങലേറ്റത്. മകന് വി.എ. അരുണ്‍കുമാര്‍, മകള്‍ ആശ, മരുമകന് ഡോ.തങ്കരാജ് എന്നിവരും അടുത്ത ചില ബന്ധുക്കളുമാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്. ആരോഗ്യനില അതീവ ഗുരുതരമായതോടെ മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയും അരുണ്‍കുമാര്‍ വിവരമറിയിച്ചു. തൊട്ടു പിന്നാലെ അവര്‍ ആശുപത്രിയില്‍ എത്തി.
ഉച്ചതിരിഞ്ഞു 4.10നാണു വിഎസിന്റെ മരണ വാര്‍ത്ത അറിയിച്ചുകൊണ്ടുള്ള മെഡിക്കല്‍ ബുള്ളറ്റിനെത്തിയത്. തുടര്‍ന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി, മുഖ്യമന്ത്രി പിണറായി വിജയന്, പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന് എന്നിവരുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ നിന്നും സര്‍ക്കാരിന്റെ യും പാര്‍ട്ടിയുടെയും നടപടികള്‍ക്കുള്ള തീരുമാനങ്ങള്‍ എടുക്കുകുയും അണികള്‍ക്കു നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അണികള്‍ക്കും ഒപ്പം വിഎസിന്റെ മുന്‍ സ്റ്റാഫ് അംഗങ്ങളായ എ. സുരേഷ്, കെ.എം. ഷാജഹാന്, ജോസഫ് സി. മാത്യു, കെ.വി.സുധാകരന് തുടങ്ങിയവരും അദ്ദേഹത്തിനന്റെ മൃതദേഹം പുറത്തെത്തിക്കുന്നതും കാത്തു നാലുമണിക്കൂളോളം ആശുപത്രിയുടെ പുറത്തു കാത്തുനിന്നു.