അപകടത്തിലേക്ക് വാ തുറന്ന് സ്ലാബിടാത്ത അഴുക്കുചാലുകള്
1263233
Monday, January 30, 2023 12:34 AM IST
കല്ലാച്ചി: കല്ലാച്ചിയിൽ അപകടക്കെണിയുമായി പൊതുമരാമത്ത് വകുപ്പിന്റെ ഓവു ചാൽ നിർമാണം. റോഡ് നവീകരണത്തിന്റെ ഭാഗമായി തുറന്നിട്ട ഓവുചാലിൽ വീണ യുവാവിന് സാരമായ പരിക്കേറ്റു.
കല്ലാച്ചിയിലെ മീത്തലെ പെരുവണ്ണൂർ നൗഫലി (40) നാണ് സാരമായി പരിക്കേറ്റത്. ഞായറാഴ്ച്ച ഉച്ചയോടെയാണ് പരിസരത്തു കൂടി നടക്കുമ്പോൾ തുറന്നിട്ട ഓവുചാലിൽ വീഴുകയായിരുന്നു. വീഴ്ചയിൽ ഇടതുകൈക്കും വാരിയെല്ലിനും സാരമായി പരിക്കേറ്റ ഇയാളെ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കല്ലാച്ചി ടൗണിലെ വെള്ളക്കെട്ട് ഒഴിവാക്കാനായി കല്ലാച്ചി - വാണിയൂർ റോഡിൽ നേരത്തേയുള്ള ഓവു ചാൽ വിപുലീകരണ പ്രവർത്തനം ആരംഭിച്ചിട്ട് മാസങ്ങൾ ഏറെ കഴിഞ്ഞു. തിരക്കേറിയ റോഡിൽ തുറന്നിട്ടിരിക്കുന്ന ഓവുചാൽ കാൽ നടയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായിരിക്കുകയാണ്. നിർമാണത്തിന്റെ ഭാഗമായിഅഴുക്കുചാലിൽ നിന്നും നീക്കിയ മണ്ണും മറ്റും റോഡ് സൈഡിൽ തന്നെ കൂട്ടിയിട്ട നിലയിലാണുള്ളത്. ഇവ നീക്കം ചെയ്യാൻ നാട്ടുകാർ നിരവധി തവണ ആവശ്യപ്പെട്ടിട്ടും സ്ഥലത്ത് തന്നെ കിടക്കുകയാണ്. ഇതിനു പുറമേയാണ് കല്ലാച്ചി സംസ്ഥാന പാതയിൽ പെട്രോൾ പമ്പിന് സമീപവും ഓവു ചാൽ കാൽനടയാത്രക്കാർക്ക് ഭീഷണി ഉയർത്തുന്നത്. പുതിയ ഓവു ചാൽ നിർമാണത്തിന് വേണ്ടിയാണ്പഴയ ഓവുചാലിലെ സ്ലാബുകൾ പൊതുമരാമത്ത് വിഭാഗം തൊഴിലാളികൾ മാറ്റിയത്. എന്നാൽ ഓവു ചാൽ നിർമാണം പൂർത്തിയാക്കി കരാറുകാർ സ്ഥലം വിട്ടിട്ടും സ്ലാബില്ലാത്ത വാരിക്കുഴി അപകട ഭീഷണി ഉയർത്തുകയാണ്. ഇവിടെയും പലരും കുഴിയിൽ വീണ് അപകടത്തിൽ പെട്ടതായി നാട്ടുകാർപറഞ്ഞു.