എന്ന് തീരും ദുരിതം ? 2500 വാഹനങ്ങള്‍ക്കായി 12 സിഎന്‍ജി പമ്പുകള്‍
1278170
Friday, March 17, 2023 12:12 AM IST
കോഴിക്കോട്: സിഎന്‍ജി ഓട്ടോറികളുടെ ദുരിതത്തിന് അവസാനമായില്ല. റീഫില്ലിങ് സ്റ്റേഷനുകളുടെ അഭാവവും ആവശ്യത്തിന് ഇന്ധനം ലഭിക്കാത്തതുമാണ് ദുരിതമാകുന്നത്.
ജില്ലയില്‍ 12 സിഎന്‍ജി പമ്പുകള്‍ മാത്രമാണുള്ളത്. ഇതില്‍ കോഴിക്കോട് നഗരത്തിലും പരിസരങ്ങളിലുമായി അഞ്ച് പമ്പുകളാണ് ഉള്ളത്. ഈങ്ങാപ്പുഴ, രാമനാട്ടുകര, ഉള്ള്യേരി, ചേമഞ്ചേരി, കുറ്റ്യാടി, കക്കട്ടില്‍, ഉണ്ണികുളം എന്നിവിടങ്ങളിലാണ് മറ്റ് പമ്പുകള്‍. വടകര താലൂക്കില്‍ കുറ്റ്യാടിയിലും കക്കട്ടില്‍ അമ്പലക്കുളങ്ങരയിലുമാണ് പമ്പുള്ളത്. കുറ്റ്യാടിയിലെ കെഎഎം ഫ്യുയല്‍സ് ജനുവരി മുതല്‍ ഡിസ്പെന്സര് തകരാറിലായി പ്രവര്‍ത്തനരഹിതമാണ്. അമ്പലക്കുളങ്ങരയിലെ പമ്പിന്റെ കംപ്രസര്‍ രണ്ടുദിവസമായി തകരാറിലാണ്. 2500 വാഹനങ്ങളെങ്കിലും താലൂക്കില്‍ സിഎന്‍ജി ഇന്ധനമായി ഉപയോഗിക്കുന്നുണ്ട്. ദിവസവും 30 കിലോമീറ്റര്‍ സഞ്ചരിച്ച് ഉള്ള്യേരി, കൂത്തുപറമ്പ്, പയ്യോളി, ചേമഞ്ചേരി എന്നിവിടങ്ങളിലെത്തിയാണ് ഇന്ധനം നിറയ്ക്കുന്നത്. ചില ദിവസങ്ങളില്‍ ഓട്ടവും കൂലിയും കളഞ്ഞ് പമ്പുകളില്‍ മണിക്കൂറുകള്‍ കാത്തിരിക്കണം. ഇന്ധനം ലഭിക്കാതെ തിരിച്ചുപോരേണ്ട സാഹചര്യവുമുണ്ടാകാറുണ്ട്. പ്രകൃതി സൗഹൃദമാണെന്നതും വിലക്കുറവുമാണ് തൊഴിലാളികളെ സിഎന്‍ജിയിലേക്ക് ആകര്‍ഷിച്ചത്. എന്നാല്‍ സിഎന്‍ജി വില ഒരു വര്‍ഷത്തിനിടെ ഇരട്ടിയിലേറെയായി. 91 രൂപയാണ് ഇപ്പോ വില.