ഇന്നസെന്റ് ചിരി മരുന്നായി പകർന്ന കലാകാരൻ: മലയാള ചലച്ചിത്ര കാണികൾ
1281692
Tuesday, March 28, 2023 12:19 AM IST
കോഴിക്കോട്: ചിരി മരുന്നായി പകർന്ന് അനേകരുടെ മുറിവുണക്കിയ അസാധാരണ കലാകാരനായിരുന്നു ഇന്നസെന്റെന്ന് മലയാള ചലചിത്ര കാണികൾ (മക്കൾ) സംസ്ഥാന പ്രസിഡന്റ് സി.ഇ. ചാക്കുണ്ണി. രോഗ തീവ്രതയാൽ മുറിവേറ്റ മനസോടെ കാൻസർ വാർഡുകളിൽ കഴിഞ്ഞ രോഗികൾക്ക് ഇന്നസെന്റിന്റെ ചിരി മേമ്പൊടി ചേർത്ത അനുഭവ വിവരണം സമ്മാനിച്ച ആത്മവിശ്വാസം ചെറുതല്ലെന്നും ചാക്കുണ്ണി അനുസ്മരിച്ചു. മാറാരോഗമെന്ന ആധിയിൽ പുഞ്ചിരി പോലും മറന്ന കാൻസർ രോഗികളോട് സ്വതസിദ്ധമായ ശൈലിയിലായിരുന്നു അദ്ദേഹം സംവദിച്ചിരുന്നത്. തനിക്കും കാൻസർ വന്നതാണെന്നും എന്നാൽ ചെറുത്തു തോൽപ്പിച്ചെന്നും അദ്ദേഹം അനുഭവ വിവരണം നടത്തവേ രോഗികളിലും പോരാട്ട വീര്യമുണരും. ഇത്രയേറെ ആത്മവിശ്വാസം പകർന്ന് നൽകാൻ കഴിവുള്ള പ്രാസംഗികർ കലാകാരൻമാരിൽ കുറവാണെന്നും അതുകൊണ്ട് കൂടിയാണ് ഇന്നസെന്റിന്റെ വിയോഗം തീരാനഷ്ടമാകുന്നതെന്നും സി.ഇ. ചക്കുണ്ണി പറഞ്ഞു. തന്റെ കാലഘട്ടത്തിന് മാത്രമല്ല വരും തലമുറയ്ക്കടക്കം ചിന്തിക്കാനും മനസറിഞ്ഞ് ചിരിക്കാനുള്ള വക നൽകിയാണ് ഇന്നസെന്റ് വിടവാങ്ങിയതെന്നും ചാക്കുണ്ണി അനുസ്മരിച്ചു.